കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് പരാമർശിക്കാത്തതിന്റെ കാരണം വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എം. ശിവശങ്കറിന്റെ പേരു ആദ്യം പറയാതിരുന്നത് ഭയംകൊണ്ടാണെന്നും ഉന്നതസ്വാധീനമുള്ള വ്യക്തിയാണ് ശിവശങ്കറെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു കള്ളപ്പണം വെളുപ്പിക്കുന്നതു തടയല്‍ നിയമപ്രകാരം അറസ്റ്റിലായ ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ മറുപടി വാദത്തിനിടെയാണ് ഇഡി ഇക്കാര്യം പറഞ്ഞത്. ശിവശങ്കറിനെതിരേ ആദ്യഘട്ടത്തില്‍ ഒന്നും പറയാതിരുന്ന സ്വപ്ന പിന്നീട് എന്തുകൊണ്ടാണ് മൊഴി നല്‍കുന്നതെന്ന വാദത്തിനു മറുപടിയായാണ് അഡീ. സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്നാണ് സ്വപ്ന ഇത്തരത്തില്‍ മൊഴി നല്കുന്നതെന്നു ശിവശങ്കറിനു വേണ്ടി ഹാജരായ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത വാദിച്ചു.
Read Also: അഭിമന്യുവിന്റെ ചക്രവ്യൂഹത്തിൽ വീണ് സ്ത്രീകൾ; ഒടുവിൽ അറസ്റ്റ്
എന്നാൽ ഹര്ജിക്കാരന് ഇപ്പോള്‍ ജാമ്യം നല്‍കുന്നത് തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമിടയാക്കുമെന്ന് ഇഡി ചൂണ്ടിക്കാട്ടി. ഏതു കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്നു ശിവശങ്കര്‍ പറയുന്നില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ല. സ്വപ്നയുടെ ലോക്കറില്‍നിന്നു പിടിച്ചെടുത്ത പണം ശിവശങ്കറിനു ലഭിച്ച കോഴയാണ്. പണം ശിവശങ്കറിന്റെയല്ലെന്നു വാദിച്ചാല്‍പോലും ഇതു ഒളിപ്പിക്കാന്‍ സഹായിച്ചതും കുറ്റമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനില്ക്കും. കള്ളക്കടത്തിനെക്കുറിച്ചു ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇഡി വാദിച്ചു. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സിംഗിള്‍ ബെഞ്ച് വിധി പറയാനായി മാറ്റി.
Post Your Comments