ദോഹ : ഖത്തറിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ക്യാംപെയിന് ശക്തമാക്കി വാണിജ്യ മന്ത്രാലയം. വാണിജ്യ വ്യവസായ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് വ്യാപക പരിശോധനകള്‍ നടത്തിയത്. പരിശോധനയുടെ ഭാഗമായി അല്‍ ഷഹാനിയയിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില് 37 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയെന്ന് വാണിജ്യമന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തിലൂടെ പറഞ്ഞു.
വരും ദിവസങ്ങളില്‍ നിയമ ലംഘനം തടയുന്നതിനുള്ള പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കും. മുന്‍സിപ്പാലിറ്റി അധികൃതര്‍ കഴിഞ്ഞ ദിവസം അല്‍ ഖോര്‍, അല്‍ താഖിറ എന്നിവിടങ്ങളിലെ വെയര്‍ഹൗസുകളില്‍ നടത്തിയ പരിശോധനകളില്‍ വ്യാപകമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഖത്തറിലുടനീളമുള്ള വിപണികളും വാണിജ്യപരമായ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന ക്യാംപെയിന് നടത്തിയത്.
രജിസ്ട്രേഷനും വാണിജ്യ ലൈസന്‍സിംഗുമായി ബന്ധപ്പെട്ടതുള്‍പ്പെടെ എന്തെങ്കിലും നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നവര്‍ 16001 എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും വാണിജ്യ മന്ത്രാലയം അനുശാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും ഇവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് www.moci.gov.qa എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കണമെന്നും മന്ത്രാലയം എല്ലാ വ്യാപാരികളോടും കടയുടമകളോടും അഭ്യര്‍ത്ഥിച്ചു.
Post Your Comments