Latest NewsNewsGulf

വീണ്ടും കുവൈത്ത് ഭരണം ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹിന്റെ കൈകളിൽ

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്.

കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹിനെ വീണ്ടും നിയമിച്ചു. അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അമീറിന് മന്ത്രിസഭയുടെ രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കേണ്ടത് ഭരണഘടനാപരമായ ആവശ്യമാണ്. ഇതിനു മുന്നോടിയായാണ് അമീര്‍ പ്രധാനമന്ത്രിയെ നിയമിച്ചിരിക്കുന്നത്.

Read Also: വിവാദങ്ങൾക്കിടയിൽ വീണ്ടും അംഗീകാരം; ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ കെ.കെ ശൈലജയും

2006 മുതല്‍ കുവൈത്ത് മന്ത്രിസഭയില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു വരുന്ന ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് 2011 മുതല്‍ കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്നത് വരെ രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രി പദവിയോടൊപ്പം വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2019 നവംബര്‍ 19നാണ് ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് കുവൈത്ത് പ്രധാനമന്ത്രിയായി നിയമിക്കപ്പെടുന്നത്. അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക്കിന്റെ രാജിയെ തുടര്‍ന്നാണു നിയമനം. ഇതിനു ശേഷം ഒരു വര്‍ഷത്തിനകം രാജ്യത്തെ അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ശക്തമായ നടപടികളാണ് 67കാരനായ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ സബാഹിന്റെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു ഇത്.

shortlink

Post Your Comments


Back to top button