KeralaLatest NewsNews

നിയമോപദേശകർ വീണ്ടും ചതിച്ചു, താൻ കുഴിച്ച കുഴിയിൽ വീണ് പിണറായി !

നിറം മങ്ങി സർക്കാർ, തിരിച്ചടികൾ തെരഞ്ഞെടുപ്പിൽ ബാധിക്കുമോ?

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തെങ്കിലും സി.പി.എമ്മിന് അത്രവലിയ ഉത്സാഹമൊന്നുമില്ല. പാർട്ടിക്കകത്തും പുറത്തും ആകെമൊത്തം ഒരു ശ്വാസം മുട്ടലാണ്. കാരണമന്വേഷിച്ച് ചെന്നാൽ ‘ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നു‘ എന്ന അവസ്ഥയാകും. അഴിമതിയിൽ കുളിച്ച്, ആരോപണങ്ങളിൽ വിയർത്ത്, അന്വേഷണങ്ങളിൽപ്പെട്ട് ശ്വാസം മുട്ടുന്ന സർക്കാരിനെയാണ് കാണാനാകുക.

ഓരോന്നിനേയും എണ്ണിയെണ്ണി ന്യായീകരിക്കേണ്ട അവസ്ഥയാണ് നേതൃത്വത്തിന്. ചാനൽ ചർച്ചകളിൽ മിന്നിത്തിളങ്ങി നിന്നവരെ ഒന്നും ഇപ്പോൾ കാണാനില്ല. സംസാരിക്കുന്ന തെളിവുകൾക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയാതെ പലരും കളം വിട്ട് കഴിഞ്ഞു. വിവാദ വാർത്തകളിൽ ഏറ്റവും പുതിയത് കെ.എസ്.എഫ്.ഇ റെയ്ഡ് ആണ്.

സർക്കാരിന് കീഴിലുള്ള ഏറ്റവും വിശ്വാസ്യതയേറിയ സാമ്പത്തികസ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ സർക്കാരിന്റെ തന്നെ വിജിലൻസ് നടത്തിയ പരിശോധന അപ്രതീക്ഷിതമായിരുന്നു. നേതൃത്വത്തെ പോലും ഞെട്ടിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധനമന്ത്രി തോമസ് ഐസക് പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചതോടെ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങൾ വീണ്ടും ചർച്ചയായി. വി എസ് – പിണറായി പോരിനെ ഓർമിപ്പിക്കുകയാണ് നിലവിലെ സാഹചര്യങ്ങൾ.

ഇതിനു പിന്നാലെയായിരുന്നു പെരിയ ഇരട്ട കൊലക്കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയത്. സർക്കാർ ചോദിച്ചു വാങ്ങിയ പരാജയങ്ങളിൽ ഒന്നുകൂടി. എന്നാൽ, ഇത് അവസാനത്തേതുമല്ല. സർക്കാരിന് നിയമോപദേശം കൊടുക്കുന്നവരുടെ ആത്മാർത്ഥതയും ബുദ്ധിയും ഇതിനോടകം ജനങ്ങൾക്ക് ബോധ്യമായി കഴിഞ്ഞു. സർക്കാരിനെ ഉപദേശിച്ച് ഉപദേശിച്ച് ഒരു വഴിക്കാക്കിയിട്ടുണ്ട് ഇവരെന്ന് വേണം പറയാൻ.

മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിൽ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. കോടിയേരി സെക്രട്ടറി പദം ഒഴിഞ്ഞതോടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കാൻ ആളില്ലാതായി. മുഖ്യന്റെ ഏറ്റവും വലിയ ശക്തികളിലൊന്ന് തന്നെയയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പറയാതെ വയ്യ. പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. തനിക്കെതിരെ നടക്കുന്ന കളികളെല്ലാം മുഖ്യനും ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വേണം കരുതാൻ. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇത്തരം പോരുകൾ ആർക്കൊക്കെ ഗുണം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button