സുരക്ഷയോടെയും ജാഗ്രതയോടെയും ആളുകള്‍ വീണ്ടും ദൂരയാത്രകള്‍ ചെയ്ത് തുടങ്ങിയതോടെ ആഗോള ടൂറിസം മേഖലയും ഉണര്‍ന്നു. വിദേശ വിനോദ സഞ്ചാരികള്‍ക്കായി പല രാജ്യങ്ങളുടേയും അതിര്‍ത്തികള്‍ തുറന്നിട്ടുണ്ടെങ്കിലും ചില സുരക്ഷാ നിയമങ്ങള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിലൊന്നാണ് നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക എന്നത്.
ജൂണില്‍ സന്ദര്‍ശകര്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറന്ന ആദ്യത്തെ കുറച്ച് രാജ്യങ്ങളില്‍ ഒന്നാണ് ഐസ്ലാന്റ്. കോവിഡ്-19 ടെസ്റ്റ് നടത്തിയാണ് ഇവിടേക്ക് യാത്രക്കാരെ കടത്തി വിട്ടത്. നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈനില്‍ നിന്നും യാത്രക്കാരെ ഒഴിവാക്കിയും, പോസിറ്റീവ് ആണെങ്കില്‍ 14 ദിവസത്തേക്ക് ക്വാറന്റൈന്‍ അനുവദിക്കുകയും ചെയ്തിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം എത്തിയതോടെ ഓഗസ്റ്റില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. രാജ്യത്തേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് രണ്ടു ഓപ്ഷനുകളാണ് നല്‍കിയിരുന്നത്. ഒന്നുകില്‍ 14 ദിവസത്തേക്ക് ക്വാറന്റൈനിന്‍ പോവുക, അല്ലെങ്കില്‍ കോവിഡ് ടെസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തേക്ക് ക്വാറന്റൈനില്‍ പോവുക, തുടര്‍ന്ന് മറ്റൊരു ടെസ്റ്റ് കൂടി ചെയ്യുക.
എന്നാല്‍ ഡിസംബര്‍ 10 മുതല്‍ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ (ഇഇഎ) നിന്ന് വരുന്ന ഏതൊരു യാത്രക്കാരനും കൊറോണ വൈറസ് രോഗത്തില്‍ നിന്ന് മുക്തി നേടിയതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞാല്‍, കോവിഡ് പരിശോധനയില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാകാം. എന്നാല്‍ വിദഗ്ദര്‍ ഈ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് രോഗമുക്തി നേടിയാല്‍, രണ്ടാമത്തെ ആക്രമണത്തെ ചെറുക്കാന്‍ ശരീരം പ്രതിരോധശേഷി നല്‍കുന്നുവെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍, ഈ പ്രതിരോധശേഷി എത്രത്തോളം നീണ്ടുനില്‍ക്കുമെന്ന് ഉറപ്പില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.
Post Your Comments