KeralaLatest NewsNewsEditor's Choice

‘സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും‘ – ഇന്നും ഉണങ്ങാത്ത മുറിവ്

കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് 21 വർഷം തികയുന്നു. 21 വർഷങ്ങൾക്ക് മുൻപുള്ള ഒരു ഡിസംബർ 1നായിരുന്നു ഇടത് കൊലപാതക രാഷ്ട്രീയത്തിന്റെ ഘാതകർ ജയകൃഷ്ണൻ മാസ്റ്ററെ കൊത്തിനുറുക്കിയത്. കേരള ജനതയുടെ മനസിൽ മാസ്റ്റർ ഇന്നും ഒരു നോവായി അവശേഷിക്കുന്നു.

മൊകേരി ഈസ്റ്റ് സ്കൂളിൽ ആറ് ബി യിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ വരാന്തയിലൂടെ തനിക്ക് നേരെ കടന്നുവരുന്ന മരണത്തിന്റെ അലയൊച്ച അദ്ദേഹം അറിഞ്ഞില്ല. തന്റെ കുട്ടികൾക്കൊപ്പം ചിരിച്ചുല്ലസിച്ച് സന്തോഷവാനായി നിൽക്കവേയാണ് ക്ളാസ്മുറിയുടെ അരഭിത്തി ചാടിക്കടന്ന് അവരെത്തിയത്. അവർ മാഷിനെ കൊത്തിനുറുക്കി. പിഞ്ചുകുട്ടികളുടെ അലറിക്കരച്ചിലുകളൊന്നും ഘാതകരെ തടഞ്ഞില്ല.

കുട്ടികളുടെ നോട്ടുബുക്കുകളിലും അവരുടെ മുഖത്തേക്കും ചിതറി വീണത് അവരുടെ തന്നെ അദ്ധ്യാപകന്റെ ചുടുരക്തമായിരുന്നു. ഞെട്ടിവിറച്ച് നിന്ന കുട്ടികൾക്ക് മുന്നിലൂടെ അവർ അട്ടഹസിച്ച് കൊണ്ട് കടന്നുപോയി. പോകും വഴി അതിലൊരാൾ ചുമരിൽ ഇങ്ങനെ എഴുതി ’‘സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും‘!. ആര് സാക്ഷി പറയാൻ, ആ പിഞ്ചുകുഞ്ഞുങ്ങളോ? അവരെയാണോ ഭീഷണിപ്പെടുത്തിയത്? ഇടത് കൊലപാതക രാഷ്ട്രീയത്തിന്റെ അത്യന്തം ഭീകരമായ മുഖമായിരുന്നു അന്ന് കേരളം കണ്ടത്.

കുട്ടികൾക്ക് അതൊരു തീരാനഷ്ടമായിരുന്നു. എന്താവശ്യത്തിനും ഓടിയെത്തുന്ന നാട്ടുകാരനായിരുന്നു അദ്ദേഹം. കേസിലെ പ്രതികളെ സുപ്രീം കോടതി വെറുതേവിട്ടു. വർഷങ്ങൾക്ക് ശേഷം ടി പി ചന്ദ്രസേഖർ കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രതികൾ മറ്റൊരു സത്യം പുറത്തുവിട്ടു. ആരാണ് ജയകൃഷ്ണനെ കൊലപ്പെടുത്തിയതിനു പിന്നിലെന്ന സത്യം. യുവമോർച്ചയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിരുന്നു അദ്ദേഹം അന്ന്. തങ്ങൾക്ക് ഭൂരിപക്ഷമുള്ളയിടങ്ങളിൽ ഫാസിസം നടപ്പിലാക്കുന്ന രാഷ്ട്രീയ സംസ്കാരത്തിന്റെ ഇരയായിരുന്നു ജയകൃഷ്ണൻ മാസ്റ്റർ.

തങ്ങളുടെ ഇടയിൽ നിന്ന് മറ്റു പ്രസ്ഥാനങ്ങളിലേക്ക് പോയവർക്ക് വധശിക്ഷ വിധിക്കുന്ന രാഷ്ട്രീയ സംസ്കാരത്തിനെതിരെ ചോദ്യം ചെയ്തു എന്നതായിരുന്നു അദ്ദേഹം ചെയ്ത കുറ്റം. കണ്ണൂർ കോട്ടയുടെ ചുവപ്പ് നിറം മങ്ങാതിരിക്കാനായിരുന്നു ഓരോ കൊലപാതകങ്ങളും. മനസാക്ഷിയും കമ്മ്യൂണിസവും ഒരുമിച്ച് പോകില്ലെന്ന നിരീക്ഷണം ശരിവെക്കുന്ന സംഭവമായിരുന്നു അദ്ദേഹത്തിന്റെ മരണം.

ഭയപ്പെടുത്തിയും കൊലപ്പെടുത്തിയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റ പാരമ്പര്യമാണ് സംഘ പ്രസ്ഥാനങ്ങൾക്കുള്ളത്. അതിനി ഏത് ചുവപ്പ് മണ്ണിലായാലും. ആ ഓർമ്മകൾ മാത്രം മതി ഇനിയുള്ള യാത്രകളിൽ കെടാവിളക്കായി വഴിതെളിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button