തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിനോടും ഇന്ത്യന്‍ മഹാ സമുദ്രത്തോടും ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ട പശ്ചാത്തലത്തിലാണിത്. ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ ശക്തിപ്പെട്ട് തീവ്ര ന്യൂനമര്‍ദ്ദമായി മാറി തമിഴ്‌നാട് തീരത്തേക്ക് നീങ്ങുമെന്നാണ് വിലയിരുത്തല്‍. കൂടാതെ മൂന്നിന് ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദം 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്രന്യൂന മര്‍ദമാകാനും വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.
ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു കിഴക്കന്‍ ഭാഗത്തു പുതുതായി രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്പെട്ട് പടിഞ്ഞാറന്‍ ദിശയിലേക്കു നീങ്ങി. ഇതു തമിഴ്‌നാട് തീരം കടന്ന് കേരളത്തിലേക്കും തുടര്‍ന്ന് അറബിക്കടലിലേക്കും എത്തുമെന്നാണു സൂചനയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ. സന്തോഷ് പറഞ്ഞു. തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ കുറയും. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുകയാണെങ്കില്‍ ബുറേവി എന്ന പേരിലാകും അറിയപ്പെടുക. മാലദ്വീപാണ് പേരു നിര്‍ദ്ദേശിച്ചത്. ഓഖി ചുഴലിക്കാറ്റിനു സമാനമായി തെക്കന്‍ കേരളത്തിനടുത്തു കൂടി സഞ്ചരിച്ചാല്‍ അപകടസാധ്യത കൂടുതലാണ്.
Post Your Comments