കുട്ടനാട്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയാകാന്‍ പോസ്റ്റര്‍ അടിച്ചു, പത്രിക നല്കി, പ്രചാരണവും തുടങ്ങിയ ശേഷം സ്ഥാനാർത്ഥിയെ മാറ്റിയതായി പരാതി.ഇതോടെ അച്ചടിച്ച പോസ്റ്ററുകളെല്ലാം റോഡിലിട്ട് കത്തിച്ച് സ്ഥാനാർഥി പ്രതിഷേധിച്ചു.പോസ്റ്ററുകള്‍ കത്തിച്ചശേഷം ഇത് ചിലര്‍ക്കുള്ള നിവേദ്യമായിരിക്കട്ടെയെന്നും കൈനകരി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലെ സുമ പറഞ്ഞു.
ദലിത് വനിതയായതിന്റെ പേരിലാണ് ജില്ല കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ചതെന്ന് സുമ പറയുന്നു. വോട്ടര്‍മാരോടും മാധ്യമപ്രവര്‍ത്തകരോടും തന്റെ പരാതി ഉറക്കെ വിളിച്ചുപറയുന്നുമുണ്ട്. കോണ്‍ഗ്രസ് നേതാവും കെ.പി.എം.എസ് ശാഖ സെക്രട്ടറിയുമാണ് സുമ. ഇനി ഒരു പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്ണിനും ഈ ഗതി വരരുത്. കോണ്‍ഗ്രസിലെ പിന്നാക്ക വിഭാഗ വനിതകളെല്ലാം ഇത് തിരിച്ചറിയണം.
കോണ്‍ഗ്രസ് ബ്ലോക്ക് നേതൃത്വവും ജില്ല നേതൃത്വവും സീറ്റ് ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് പ്രചാരണം തുടങ്ങിയത്. ഈയിനത്തില്‍ മാത്രം 18,000 രൂപ ചെലവായി. കെ.പി.സി.സി നിര്‍ദേശം കാറ്റില്‍പറത്തിയാണ് സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതെന്ന് സുമ പറയുന്നു.
മറ്റൊരു വനിത കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം ആരംഭിച്ചതോടെ വിവരം ഡി.സി.സി പ്രസിഡന്റിനെ ധരിപ്പിച്ചു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാനദിവസത്തിന്റെ തലേന്നും ഡി.സി.സി പ്രസിഡന്റിനോട് സംസാരിച്ചു. സീറ്റ് ഉറപ്പാണെന്നാണ് പറഞ്ഞത്. എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ഡി.സി.സി ഓഫിസില്‍ ബന്ധപ്പെടാനും നിര്‍ദേശിച്ചു.അവിടെയെത്തിയപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ബി. ബാബുപ്രസാദാണ് സീറ്റില്ലെന്ന് പറഞ്ഞത്. ഇപ്പോള്‍ കാമറ ചിഹ്നത്തിൽ സ്വാതന്ത്രയായാണ് മത്സരിക്കുന്നത്.
Post Your Comments