മലപ്പുറം: ഇത് ടി.പി.സുല്‍ഫത്തും അയിഷ ഹുസൈനും ഇരുവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കടുത്ത ആരാധന, ഈ ആരാധന പിന്നീട് ഇരുവരേയും ബിജെപിയിലേയ്ക്ക് അടുപ്പിച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആദ്യമായി ബി.ജെ.പിയ്ക്ക് രണ്ട് മുസ്ലിം വനിത സ്ഥാനാര്‍ത്ഥികളായി. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലാണ് വാണിയമ്പലം കൂറ്റമ്പാറ സ്വദേശിനി ടി.പി. സുല്‍ഫത്ത് മത്സരിക്കുന്നത്. ആയിഷ ഹുസൈന്‍ പൊന്മുണ്ടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും.
സുല്‍ഫത്ത് പ്രചാരണം തുടങ്ങി. ആയിഷ നാളെ മുതല്‍ പ്രചാരണത്തിനിറങ്ങും.
മോദിയുടെ കടുത്ത ആരാധികയാണ് താനെന്ന് സുല്‍ഫത്ത് പറയുന്നു. പതിനഞ്ചാം വയസില്‍ വിവാഹിതയായ തനിക്ക് കളിച്ചു നടക്കേണ്ട പ്രായത്തില്‍ കുടുംബിനിയായതിന്റെ പ്രയാസം ശരിക്കുമറിയാം. മുത്തലാഖ് നിരോധനവും പെണ്‍കുട്ടികളുടെ വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനവും ധീരനടപടികളാണ്. മോദി വന്നശേഷമാണ് ബി.ജെ.പിയെ വീക്ഷിച്ചത്. ബി.ജെ.പിയില്‍ എല്ലാ മതക്കാരുമുണ്ടന്നും സുല്‍ഫത്ത് പറയുന്നു.
പ്രദേശത്തെ പ്രമുഖ ബിസിനസ് കുടുംബാംഗമായ സുല്‍ഫത്ത് ആദ്യമായാണ് മത്സരരംഗത്ത്. ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും സ്വന്തം നാട്ടില്‍ മത്സരിക്കാനായിരുന്നു സുല്‍ഫത്തിന്റെ ആഗ്രഹം. പ്രവാസിയായ ഭര്‍ത്താവും വീട്ടുകാരും മുസ്ലിം ലീഗുകാരാണ്. താന്‍ മത്സരിക്കുന്നതിനെ എതിര്‍ത്തിട്ടില്ല. വ്യക്തിപരമായ തീരുമാനമായാണ് കുടുംബം കാണുന്നത്. പാട്ടുകാരി കൂടിയായ സുല്‍ഫത്തിന് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുണ്ട്.
ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയംഗം വരിക്കോട്ടില്‍ ഹുസൈന്റെ ഭാര്യയാണ് ആയിഷ. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യം. രാജ്യസുരക്ഷയുടെ കാര്യത്തിലെ മോദിയുടെ ധീരനിലപാടാണ് തന്നെ ആകര്‍ഷിച്ചതെന്ന് ആയിഷ പറയുന്നു. ഭര്‍ത്താവ് ഹുസൈന്‍ മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി എടരിക്കോട് ഡിവിഷനില്‍ നിന്ന് മത്സരിക്കുന്നുണ്ട്. 42കാരിയായ ആയിഷ ഏഴാം ക്ലാസ് വരെ പഠിച്ചു. പത്ത് വയസുകാരിയായ മകളുണ്ട്.
Post Your Comments