ന്യൂഡൽഹി : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ കൊണ്ടുവരുന്ന ‘ആന്റി ലവ് ജിഹാദ്’ ബില്ലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി സിപിഎം. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും സിപിഎം പിബി അംഗം സുഭാഷിണി അലി പറഞ്ഞു. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് സുഭാഷിണി അലി ഈക്കാര്യം പറഞ്ഞത്.
മതപരിവർത്തന വിരുദ്ധ ബില്ലിന്‍റെ ഭാഗമായാണ് യുപി സർക്കാർ ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരുന്നത്. എന്നാൽ ഇത് പൗരാവകാശം ലംഘിക്കുന്നതും ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് സിപിഎം വാദിക്കുന്നത്. മതേതര രാജ്യമായ ഇന്ത്യയിൽ ഈ മതാധിഷ്ഠിത അജണ്ട പിന്തുടരാൻ അനുവദിക്കാനാകില്ലെന്ന് സുഭാഷിണി അലി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുള്ള അത്തരമൊരു നിയമം അംഗീകരിക്കാൻ ഒരു തരത്തിലും കഴിയില്ല. അത്തരമൊരു നിർദ്ദിഷ്ട നിയമം പ്രാബല്യത്തിൽ വരുത്താൻ യുപി സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ, അത് കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.
ഇത്തരത്തിലുള്ള എന്തു ബിൽ രാജ്യത്തുകൊണ്ടുവന്നാലും അതിനെതിരായ നിലപാട് സിപിഎം സ്വീകരിക്കുമെന്ന് സുഭാഷിണി അലി പറഞ്ഞു. ആവശ്യമെങ്കിൽ നിയമപോരാട്ടം നടത്തും. കാരണം, ലൗ ജിഹാദ് പ്രശ്നം ഏറ്റവുമധികം ചർച്ചയായ സംസ്ഥാനമാണ് കേരളം. പാർട്ടി അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് ഇത്തരൊരു ബിൽ കൊണ്ടുവരില്ല. യുപിയിലെ ഈ നിയമം കേരളത്തിലെ ബിജെപിയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രചരണായുധമായി മാറുമെന്നും സുഭാഷിണി അലി പറഞ്ഞു.
Post Your Comments