കോട്ടയം: മൂന്ന് വയസുകാരൻ ചികിത്സയിലിരിക്കെ കോട്ടയം മെഡിക്കൽ കോളേജിൽ മരിച്ചു. മാരാരിക്കുളം എസ്.എൽ.പുരം പുത്തൻകുളങ്ങര സുരേഷിൻറെ മകൻ അർണവ് (3) ആണ് മരിച്ചിരിക്കുന്നത്. കടുത്ത പനി ബാധിച്ച് കോട്ടയത്തെ ഗാന്ധിനഗർ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. എന്നാൽ അതെസമയം, ചികിത്സാപ്പിഴവുമൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ചു ബന്ധുക്കൾ മാരാരിക്കുളം പൊലിസിൽ പരാതി നൽകിയിരിക്കുകയാണ്. ബുധനാഴ്ച്ചയാണ് കുട്ടിയെ മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. ആദ്യം കോവിഡ് നിരീക്ഷണ വിഭാഗത്തിൽ പ്രാഥമിക ചികിത്സയും, പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിൽ വെറ്റിലേറ്ററിലും പ്രവേശിപ്പിച്ചു.എങ്കിലും വ്യാഴാഴ്ച്ച പുലർച്ചെ കുട്ടി മരിക്കുകയാണ് ഉണ്ടായത്.
ഇതിനിടെ കൃത്യമല്ലാത്ത കുത്തിവയ്പ്പ് മൂലമാണ് കുട്ടി മരിച്ചത് എന്നാരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രി ജീവനക്കാരുമായി വാക്ക് തർക്കമുണ്ടാകുകയും ചെയ്തിരുന്നു. ഇതോടെ കുട്ടിയുടെ മാതാപിതാക്കൾ അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നഴ്സും ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. കടുത്ത ന്യുമോണിയയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മാർട്ടം വിവരം.
Post Your Comments