കൊല്ലം: യുഡിഎഫ് സ്ഥാനാർഥിയായി വോട്ടു ചോദിച്ചയാൾ ഒറ്റരാത്രികൊണ്ട് ബിജെപി സ്ഥാനാർഥിയായി. കൊല്ലം കോർപറേഷനിൽ താമരക്കുളം ഡിവിഷനിൽ വോട്ട് ചോദിച്ച ശ്രീജ ചന്ദ്രനാണ് ഒറ്റ രാത്രികൊണ്ട് കോൺഗ്രസ് വിട്ടു ബിജെപി സ്ഥാനാർഥിയായി മാറിയത്. കഴിഞ്ഞ ദിവസം വരെ വോട്ടു ചോദിക്കാനെത്തിയ വീടുകളിൽ ഇപ്പോൾ സ്ഥാനാർഥി വീണ്ടുമെത്തുന്നത് പാർട്ടിയും ചിഹ്നവും മാറിയ വിവരം അറിയിക്കാനാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
താമരക്കുളം ഡിവിഷനിൽ വിമത സ്ഥാനാർഥികൾ രംഗത്തെത്തിയതാണ് കോൺഗ്രസിനെ വെട്ടിലാക്കിയത്. ശ്രീജ ചന്ദ്രനെ കൂടാതെ നയന ഗംഗ, അനിത എന്നിവരും കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിക്കാൻ തുടങ്ങി. കെപിസിസി നിർവ്വാഹക സമിതി അംഗം എ.കെ ഹഫീസിന്‍റെ പിന്തുണയോടെ ആദ്യം സ്ഥാനാർഥിയായി രംഗത്തെത്തിയത് ശ്രീജാ ചന്ദ്രനായിരുന്നു. വോട്ട് അഭ്യർഥനയും ചുവരെഴുത്തും തുടങ്ങിയിരുന്നു. അതിനിടെയാണ് നയനയും അനിതയും രംഗത്തെത്തിയത്.
മൂന്നുപേരും ഒരുപോലെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് അഭ്യർഥിച്ചതോടെ ഒരു സമവായത്തിനായി ഡിസിസി രണ്ടംഗ സമിതിയെ നിയോഗിച്ചു. കെപിസിസി സെക്രട്ടറി സൂരജ് രവി, പ്രാദേശിക കോൺഗ്രസ് നേതാവ് ആണ്ടാമുക്കം റിയാസ് എന്നിവർ അടങ്ങിയ സമിതി, രണ്ടു സ്ഥാനാർഥികളോട് പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും ആരും വഴങ്ങാൻ തയ്യാറായില്ല. ഇതോടെ ഡിസിസി നേതൃത്വം ഇടപെട്ട് നയന ഗംഗയെ സ്ഥാനാർതിയായി നിശ്ചയിച്ചു.
ഇതോടെയാണ് ഡിവിഷനിൽ രണ്ടു റൌണ്ട് വോട്ട് അഭ്യർഥന പൂർത്തിയാക്കി, പ്രചാരണത്തിൽ ഏറെ മുന്നേറിയിരുന്ന ശ്രീജ ചന്ദ്രൻ പാർട്ടി വിടാൻ തീരുമാനിച്ചത്. ബിജെപി നേതൃത്വം ഇടപെട്ട് അവരെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ഒറ്റ രാത്രികൊണ്ട് ശ്രീജയ്ക്കുവേണ്ടി എഴുതിയ യുഡിഎഫ് ചുവരെഴുത്തുകൾ മായ്ച്ചുകളഞ്ഞ്, കൈപ്പത്തി ചിഹ്നത്തിനുപകരം താമര ചിഹ്നം വരയ്ക്കുകയായിരുന്നു.
Post Your Comments