ഇന്ത്യക്കും നേപ്പാളിനുമിടയിലുള്ളതു ദീര്‍ഘകാലത്തെ സവിശേഷ ബന്ധമാണെന്നു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞുതീര്‍ക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ സൗഹൃദസന്ദര്‍ശനത്തിനു ശേഷം അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ കരസേനാ മേധാവി ജനറല്‍ നരവാനേയുടെ നേപ്പാള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഒലി ഇന്ത്യാ-നേപ്പാള്‍ ബന്ധത്തിന്റെ കരുത്ത് വെളിപ്പെടുത്തിയത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് നരവാനേ നേപ്പാളിലെത്തിയത്.
നേപ്പാളിലെ ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളും ക്ഷേത്രങ്ങളും കരസേനാ മേധാവി ഇന്നലെ സന്ദര്‍ശിച്ചു. നേപ്പാള്‍ രാഷ്ട്രപതി ബിന്ദ്യാ ദേവി ഭണ്ഡാരി നരവാനയെ നേപ്പാള്‍ കരസേനയുടെ ഔദ്യോഗിക ബഹുമതി നല്കി ആദരിച്ചിരുന്നു. പിന്നീടാണ് പ്രധാനമന്ത്രി ശര്‍മ്മ ഒലിയുമായുള്ള കൂടിക്കാഴ്ച നടന്നത്. ചര്‍ച്ചകളില്‍ നേപ്പാള്‍ പ്രതിരോധ മന്ത്രിയും സന്നിഹിതനായിരുന്നു.
കരസേനാ മേധാവിമാര്‍ക്കു പരസ്പര ബഹുമാനാര്‍ഥം മഹാരഥി പദവി നല്‍കുന്നത് ഇന്ത്യയുടെയും നേപ്പാളിന്റെയും പതിവാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹത്തിന്റെ വിദേശകാര്യ ഉപദേഷ്ടാവ് രാജന് ഭട്ടറായ് ട്വീറ്റ് ചെയ്തു.കാഠ്മണ്ഡുവില്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ശീതള്‍ നിവാസിലായിരുന്നു ചടങ്ങ്. അതിര്‍ത്തി പ്രദേശങ്ങളെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണു ജനറല്‍ നരവനെയുടെ നേപ്പാള്‍ സന്ദര്‍ശനം.
Post Your Comments