KeralaLatest NewsIndia

ബിലിവേഴ്സ് ചര്‍ച്ച്‌ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 13 കോടി രൂപയുടെ കള്ളപ്പണം, പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും.

ബിലിവേഴ്സ് ചര്‍ച്ച്‌ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡില്‍ ഇതുവരെ 13 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. ഇന്നലെ നടന്ന പരിശോധനയില്‍ തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്നും രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകളും കണ്ടെത്തിയിട്ടുണ്ട്. വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റി വകമാറ്റിയതായി കണ്ടെത്തിയതോടെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന തുടരാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.

പണമിടപാട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചര്‍ച്ചിന് മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. കഴിഞ്ഞ 48 മണിക്കൂറിനിടെ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത എട്ട് കോടിയോളം രൂപയാണ്. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കും.

ആദായ നികുതി വകുപ്പില്‍ നിന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു.ബിലീവേഴ്‌സ് ചര്‍ച്ച്‌ ചാരിറ്റിക്ക് എത്തിയ പണം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. 6000 കോടിയോളം രൂപയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതായി അധികൃതര്‍ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡില്‍ ലഭിച്ചു.

കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച്‌ സ്ഥാപനങ്ങളില്‍ റെയ്ഡ് ആരംഭിച്ചത്. ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും റെയ്ഡ് നടത്തുന്ന സംഘത്തില്‍ ഉള്‍പ്പെടുന്നു.നികുതി നിയമങ്ങള്‍ മറികടന്ന് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതോടെ ബുധനാഴ്ച മുതലാണ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്.

read also: ഇഡിക്കെതിരെ ബിനീഷിന്റെ ഭാര്യാ പിതാവ് നൽകിയ പരാതി വ്യാജം, ബിനീഷിന്റെ ഭാര്യയും ഭാര്യാമാതാവും ചാനൽ ചർച്ചയിൽ തത്സമയം വിശദീകരിച്ചതോടെ സംഭവം പൊളിഞ്ഞു

നികുതി നിയമങ്ങളെ മറികടക്കാനും കൂടുതല്‍ സംഭാവനകള്‍ പ്രതീക്ഷിച്ചും ചെലവുകള്‍ പെരുപ്പിച്ച്‌ കാട്ടിയാണ് ഇടപാടുകള്‍ നടത്തിയത്. എന്നാല്‍ ഈ തട്ടിപ്പിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങള്‍ക്കായും ക്രമക്കേടുകളിലെ പങ്കാളികള്‍ക്ക് വേണ്ടിയും കേന്ദ്ര സംഘം വലവിരിച്ചു കഴിഞ്ഞു. അതേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ നടന്ന പരിശോധനയും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.

ഇതുവരെ സഭാ ആസ്ഥാനത്ത് നിന്നടക്കം 13 കോടി രൂപയുടെ കള്ളപ്പണമാണ് പരിശോധനയില് കണ്ടെത്തിയത്. ഇതില്‍ രണ്ട് കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ കൂടി ഉള്‍പ്പെട്ടതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വരും ദിവസങ്ങളിലും ആദായ നികുതി വകുപ്പ് ബിലിവേഴ്സ് സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെങ്കിലും കൂടുതല്‍ കേന്ദ്ര ഏജന്‍സികളും ഇതിന്റെ ഭാഗമാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button