KeralaLatest NewsNews

ലൈഫ് മിഷന്‍ അഴിമതി ; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരായ അവകാശലംഘന നോട്ടീസിനുള്ള അനുമതി പിന്‍വലിക്കണമെന്ന് കെ സി ജോസഫ്

കോട്ടയം: സംസ്ഥാനത്തിന്റെ വികസന പദ്ധതികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശലംഘനമാണ് എന്നത് ദുര്‍വ്യാഖ്യാനം മാത്രമാണെന്ന് പ്രതിപക്ഷം. ലൈഫ് മിഷന്‍ ഭവന നിര്‍മാണ പദ്ധതിയിലുണ്ടായ ഗുരുതര അഴിമതി സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം നിയമസഭയുടെ അവകാശലംഘനമാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് നല്‍കുന്ന അവകാശലംഘന നോട്ടീസിനുള്ള അനുമതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ സി ജോസഫ് സ്പീക്കര്‍ക്ക് കത്തു നല്‍കി.

സര്‍ക്കാര്‍ നടത്തുന്ന അഴിമതിക്ക് രക്ഷാകവചം തീര്‍ക്കാനാണ് നിയമസഭാ എത്തിക്‌സ് കമ്മിറ്റി ശ്രമിക്കുന്നത്. ഇ ഡിക്ക് നോട്ടീസ് നല്‍കാനുള്ള തീരുമാനം നിയമസഭയുടെ അന്തസ് കളങ്കം വരുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മൂന്നിന് തളിപ്പറമ്പ് എം എല്‍ എ ജെയിംസ് മാത്യു നല്‍കിയ നോട്ടീസ് പരിഗണിച്ച് തൊട്ടടുത്ത ദിവസം തന്നെ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണിനക്കയക്കുകയും കമ്മിറ്റി യോഗം അടിയന്തിരമായി നവംബര്‍ അഞ്ചിന് ചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. സ്പീക്കര്‍ ഇക്കാര്യത്തില്‍ അനാവശ്യ തിടുക്കം കാട്ടി എന്ന് പ്രതിപക്ഷം ആരോപിച്ചു.

പൗരാവകാശ ഭദഗതി നിയമം ഭരണഘടന ഉറപ്പുനല്‍കുന്ന മതേതര സങ്കല്‍പ്പങ്ങള്‍ക്ക് നിരക്കാത്തതായതിനാല്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ട് നേരത്തെ കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് നടത്തിയ പ്രസ്താവന അവകാശ ലംഘനമാണെന്ന് ആരോപിച്ച് നേരത്തെ കെ സി ജോസഫ് നോട്ടീസ് നല്‍കിയിരുന്നു. 27 ദിവസം കഴിഞ്ഞാണ് ഇത് എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. എന്നാല്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് എതിരെയുള്ള നോട്ടീസ് 24 മണിക്കൂറിനുള്ളില്‍ പരിഗണിച്ചത് ഈ നീക്കങ്ങളുടെ പിന്നിലെ ഉദ്ദേശശുദ്ധിയെ സംശയിക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നും കെ.സി. ജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button