ബിനീഷ് കോടിയേരിയുടെ വസതിയിലെ റെയ്ഡിനിടെ നാടകീയരംഗങ്ങള്‍. റെയ്ഡിനിടെ പിടിച്ചെടുത്ത അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ടു വച്ചതാണെന്ന് ചൂണ്ടിക്കാട്ടി മഹസര്‍ രേഖകളില്‍ ഒപ്പിടാന്‍ ബിനീഷിന്‍റെ ഭാര്യ തയ്യാറായില്ല. അന്വേഷണസംഘം ഇപ്പോഴും ബിനീഷിന്‍റെ വീട്ടില്‍ തുടരുകയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ഇഡി റെയ്ഡ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാര്‍ പറഞ്ഞു.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്നലെ രാവിലെ 10 മണിക്ക് ആരംഭിച്ച റെയ്ഡ് പൂര്‍ത്തിയായത് രാത്രി എട്ടുമണിക്ക്. മഹസര്‍ രേഖകള്‍ തയ്യാറാക്കി ഒപ്പ് രേഖപ്പെടുത്തുന്നതിനായി ബിനീഷിന്‍റെ ഭാര്യ റെനീറ്റക്ക് കൈമാറിയതിന് പിന്നാലെയാണ് നാടകീയരംഗങ്ങള്‍ നടന്നത്. രേഖകളില്‍ ഒന്നില്‍ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡ് റെയ്ഡില്‍ പിടിച്ചെടുത്തതായി പറഞ്ഞിരുന്നു.ഇതില്‍ ഒപ്പ് രേഖപ്പെടുത്താന്‍ കഴിയില്ലെന്ന് റെനീറ്റ ഇഡി സംഘത്തെ അറിയിച്ചു.
മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ പിടിയിലായ അനൂപ് മുഹമ്മദിന്റെ പേരിലുള്ള എ ടി എം കാര്‍ഡിനെ ചൊല്ലിയാണ് തര്‍ക്കം തുടരുന്നത്. ഇത് ബിനീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതാണെന്ന് എന്‍ഫോഴ്സ്‌മെന്റ് വാദിക്കുന്നു. എന്നാല്‍ കാര്‍ഡ് എന്‍ഫോഴ്സ്‌മെന്റ് കൊണ്ടുവന്നതാണെന്ന വാദമാണ് ബിനീഷിന്റെ കുടുംബം ഉന്നയിക്കുന്നത്. ഉറച്ച നിലപാട് സ്വീകരിച്ച ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും ഇ ഡിയുടെ രേഖകളില്‍ ഒപ്പിടില്ലെന്ന് നിലപാടെടുത്തു.
ക്രെഡിറ്റ് കാര്‍ഡ് ഇഡി സംഘം കൊണ്ട് വെച്ചതാണെന്നായിരുന്നു കുടുംബത്തിന്‍റെ നിലപാട്. രാത്രി 8:30 യോടെ അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാര്‍ ബിനീഷിന്‍റെ വീട്ടിലേക്ക് എത്തി. റെയ്ഡ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ കയറ്റിവിടാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ അറിയിച്ചു. ഒരു മണിക്കൂറിനുശേഷം ഇഡി ഉദ്യോഗസ്ഥന്‍ അഭിഭാഷകനെ ഫോണില്‍ ബന്ധപ്പെടുകയും മഹസര്‍ രേഖയില്‍ ഒപ്പിടാന്‍ ബിനീഷിന്‍റെ ഭാര്യ തയ്യാറാകുന്നില്ലെന്ന് അറിയിക്കുകയും ചെയ്തു.
രേഖകള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നും നിര്‍ബന്ധിച്ച് ഒപ്പിടിപ്പിക്കരുത് എന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതോടെ റെയ്ഡ് പൂര്‍ത്തിയായിട്ടും അന്വേഷണസംഘം വീട്ടില്‍ തന്നെ തുടര്‍ന്നു. പതിനൊന്നരയോടെ അഭിഭാഷകന്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രതികരിക്കുകയായിരുന്നു .എട്ടംഗ സംഘമാണ് സ്ഥലത്തെത്തിയത്. പൊലീസ് ഏര്‍പ്പെടുത്തിയ വാഹനത്തിലെത്തിയ സംഘത്തിന് സിആര്‍പിഎഫ് ജവാന്മാര്‍ സുരക്ഷയും ഒരുക്കിയിരുന്നു.
മരുതംകുഴിയിലെ വീട്ടില്‍ നിലവില്‍ കോടിയേരി ബാലകൃഷ്ണനും കുടുംബവും ഇല്ല. മയക്കുമരുന്ന് കേസില്‍ ബിനീഷ് കുടുങ്ങിയതിന് പിന്നാലെ കോടിയേരിയും കുടുംബവും എ കെ ജി സെന്ററിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന സി പിഎമ്മിന്റെ അധീനതയിലുള്ള ഫ്‌ളാറ്റിലേക്ക് മാറുകയായിരുന്നു.
5.17 കോടിയുടെ കള്ളപ്പണ ഇടപാട് 2012 മുതല്‍ 2019 വരെ ബിനീഷ് നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ രേഖകള്‍ ബാങ്കുകളില്‍ നിന്ന് ശേഖരിക്കാനും, ബിനീഷിന്റെ വസതിയിലും ബിസിനസ് പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്താനുമാണ് എട്ടംഗ ഇ.ഡി സംഘം ബംഗളൂരുവില്‍ നിന്ന് ഇന്നലെ തിരുവനന്തപുരത്തെത്തിയത്.
Post Your Comments