ലേ: മഞ്ഞുറഞ്ഞ കിഴക്കന്‍ ലഡാക്കില്‍, സമുദ്രനിരപ്പില്‍നിന്നു 16,000 അടി ഉയരത്തിലുള്ള മേഖലയില്‍ വിജയകരമായി അപ്പെന്‍ഡിസൈറ്റിസ് ശസ്‌ത്രക്രിയ നടത്തി കരസേനാ ഡോക്‌ടര്‍മാര്‍ പുതിയ നേട്ടം കുറിച്ചു.
സൈനികന് അടിയന്തര ശസ്‌ത്രക്രിയ ആവശ്യമായിരുന്നെങ്കിലും ഹെലികോപ്‌ടറില്‍ ആശുപത്രിയിലെത്തിക്കാന്‍ മോശം കാലാവസ്‌ഥ തടസമായി. തുടര്‍ന്നാണ് ഫോര്‍വേഡ് സര്‍ജിക്കല്‍ സെന്ററില്‍ ശസ്‌ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. ചികിത്സാ കേന്ദ്രത്തിലെ കിടങ്ങില്‍ വച്ചായിരുന്നു ജവാന്റെ അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയ നടത്തിയത്.
മൂന്ന് ആര്‍മി ഡോക്ടര്‍മാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്. മോശം കാലാവസ്ഥ കാരണം കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് ജവാനെ മാറ്റാനായില്ല. തുടര്‍ന്ന് ഫീല്‍ഡ് ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തുകയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ വിജയകരമാണെന്നും രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.
ലഫ്‌റ്റനന്റ് കേണലിന്റെ നേതൃത്വത്തില്‍ കരസേനയുടെ മെഡിക്കല്‍ വിഭാഗം നടത്തിയ ശസ്‌ത്രക്രിയ പൂര്‍ണമായും വിജയിച്ചെന്നും സൈനികന്‍ സുഖംപ്രാപിക്കുകയാണെന്നും കരസേന അറിയിച്ചു.കൊടും ശീതകാലത്തും ലഡാക്കില്‍ ചൈനയുമായി മുഖാമുഖം നില്‍ക്കുന്ന സൈനികരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെത്തിക്കാനുള്ള കരസേനയുടെ പ്രവര്‍ത്തന മികവിന്റെ ഉദാഹരണമായാണ് ഇതിനെ ചൂണ്ടിക്കാട്ടുന്നത്.
Post Your Comments