കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടവുമായി തായ്‌വാൻ. പ്രാദേശിക സമ്പർക്കമില്ലാതെ 200 -ാം ദിനം എന്ന റൊക്കോർഡാണ് തായ്‌വാൻ കൈവരിച്ചിരിക്കുന്നത്. പലരാജ്യങ്ങളിലും കൊറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തായ്‌വാൻ നിർണായക നേട്ടം സ്വന്തമാക്കിയത്.
Read Also : ഭൂചലനം : മരണസംഖ്യ 22 ആയി ; സുനാമി ഭീതിയിൽ രാജ്യം
ഏപ്രിൽ 12 നാണ് തായ്‌വാനിൽ അവസാനമായി സമ്പർക്ക വ്യാപന കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. 553 പേർക്ക് ഇതുവരെ തായ്‌വാനിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും പ്രതിരോധ നടപടികളുമാണ് രോഗവ്യാപനം നിയന്ത്രിച്ച് നിർത്തിയത്. രോഗ വ്യാപനം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ തായ്‌വാൻ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും സ്വദേശികളല്ലാത്തവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു.
പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത് പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും നിയമലംഘം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്തു. സമ്പർക്ക വ്യാപന കേസുകൾ കുറഞ്ഞെങ്കിലും വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇവർക്ക് നിരീക്ഷണം ശക്തമാക്കി.
വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ ക്വാറന്റെയ്ൻ ചെയ്തു. ക്വാറന്റെയ്ൻ ലംഘനം നടത്തുന്നില്ലെന്ന് ഉറപ്പാക്കാനായി ഡിജിറ്റൽ ഫെൻസിംഗ് സംവിധാനവും നടപ്പാക്കി. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ എല്ലാവരെയും കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
നിരീക്ഷണത്തിലുള്ളവർക്ക് അവശ്യവസ്തുക്കളെത്തിക്കാൻ പ്രത്യേക സംവിധാനവും അധികൃതർ ഏർപ്പെടുത്തി. മാസ്‌കിന്റെ ഉത്പാദനം വർധിപ്പിക്കുകയും കയറ്റുമതി വിലക്കുകയും ചെയ്തു. സാർസ്, എച്ച്1 എൻ1, പക്ഷിപ്പനി എന്നീ പകർച്ച വ്യാധികൾ നേരിട്ട അനുഭവപാഠങ്ങൾ തായ്‌വാൻ ജനങ്ങളെ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ പ്രാപ്തരാക്കിയിരുന്നു. അതിനാൽ തന്നെ പ്രതിരോധ നടപടികൾ പാലിച്ച് മുന്നോട്ട് പോകാൻ ജനങ്ങൾ തയ്യാറായി.
Post Your Comments