കാക്കനാട്: ഇന്‍ഫോപാര്‍ക്ക് കരിമുകള്‍ റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി ദിവാകരന് നായരുടെ (64) മരണം ആസൂത്രിത കൊലപാതകമെന്നു പോലീസ്. ഒരു സ്ത്രീ അടക്കം നാലുപേരെ ഇന്‍ഫോപാര്‍ക്ക് പോലീസ് അറസ്റ്റ് ചെയ്തു. സഹോദരനുമായള്ള സ്വത്തുതര്‍ക്കത്തെത്തുടര്‍ന്ന് ദിവാകരന് നായരുടെ സഹോദരന്റെ ബന്ധു ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊലപാതകം നടത്തിയതെന്നു തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം. ജിജിമോന് പറഞ്ഞു.
പൊന്‍കുന്നം കായപ്പാക്കല് ദിവാകരന് നായരുടെ മകന് അനില്‍കുമാര്‍ (45), പൊന്‍കുന്നം പച്ചിമല പനമറ്റംകരയില് ചരളയില്‍ രാജപ്പന്റെ മകന് രാജേഷ് (37), പൊന്‍കുന്നം കിഴക്കടം കണ്ണമലവീട്ടില് സജിയുടെ മകന് സന്‍ജയ് (23), കൊല്ലം കുമിള്‍ കുഴിപ്പാറയില് തൃക്കണ്ണപുരം പാറവിള ഷാജഹാന്റെ ഭാര്യ ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. ദിവാകരനെ ഫോണിലൂടെ ഹണി ട്രാപ്പ് ചെയ്ത് കൊല്ലത്തെ വീട്ടില്‍നിന്നു കൊച്ചിയിലേക്ക് വിളിച്ചു വരുത്തി വകവരുത്താന്‍ ഒത്താശ ചെയ്തത് ഷാനിഫയാണെന്നു പോലീസ് അറിയിച്ചു.
രണ്ടാം പ്രതി രാജേഷിന്റെ കാമുകിയായ ഷാനിഫയുടെ സഹായത്താലാണ് ദിവാകരന് നായരെ കാക്കനാട് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. 50,000 രൂപ അഡ്വാന്‍സും ക്വട്ടേഷന്‍ സംഘത്തിന് നല്കി.പൊന്‍കുന്നത്തുനിന്നു സംഘം കൊച്ചിയിലെത്തിയത് വാടകയ്ക്കെടുത്ത ഇന്നോവയിലായിരുന്നു. ദിവാകരന് നായരെ ഇതേ വാഹനത്തിനുള്ളില്‍ വച്ച് ചവിട്ടിയും മര്‍ദിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പ്രതികള്‍ പോലീസിനോട് പറഞ്ഞു.
read also: ശിവശങ്കരനും ബിനീഷിനും പിന്നാലെ ജലീലും അറസ്റ്റിലേക്കെന്ന് സൂചന: മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് മന്ത്രി
തൃക്കാക്കര അമ്പലത്തിന് സമീപത്ത് നടന്ന ബലപ്രയോഗത്തിനിടയില്‍ ഊരിപ്പോയ ഇയാളുടെ ചെരുപ്പുകള്‍ പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ദിവാകരന് നായര്‍ സഞ്ചരിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ അന്വേഷണ സംഘത്തിന് നല്കിയ മൊഴിയാണ് അന്വേഷണം വേഗത്തിലാക്കിയത്. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.
ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പ്രസാദിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ എ.എന്‍. ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ നേതൃത്വത്തില്‍ നാല് ടീമുകളാണ് അന്വേഷണം നടത്തിയത്.
Post Your Comments