Latest NewsIndiaNews

ഡല്‍ഹി സംഘര്‍ഷം: ജാമിഅ വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ തളളി കോടതി

കഴിഞ്ഞ മെയ് മാസമാണ് യുഎപിഎ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ് ആസിഫിനെതിരേ കേസെടുത്തത്.

ന്യൂഡല്‍ഹി: ജാമിഅ വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ തളളി കോടതി. ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ വിദ്യാര്‍ത്ഥി ആസിഫ് തന്‍ഹയുടെ ജാമ്യാപേക്ഷയാണ് ഡല്‍ഹി കോടതി തളളിയത്. കഴിഞ്ഞ മെയ് മാസമാണ് യുഎപിഎ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ് ആസിഫിനെതിരേ കേസെടുത്തത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗീയാക്രമണ കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലിസ് സ്പെഷ്യല്‍ സെല്‍ മെയ് മാസമാണ് ആസിഫിനെ കസ്റ്റഡിയിലെടുത്തത്.

എന്നാൽ ആസിഫ് തന്‍ഹയ്‌ക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്ന് കോടതി കരുതുന്നതിനാല്‍ ജാമ്യാപേക്ഷ നിരസിക്കുന്നതായി ഡല്‍ഹി അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാപ് റാവത്ത് പറഞ്ഞു. യുഎപിഎയുടെ 43-ഡി പ്രകാരം അപേക്ഷ നിരസിക്കുന്നതായും കോടതി ഉത്തരവില്‍ പറഞ്ഞു. ആരോപണവിധേയനായ ആള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി കോടതി വിലയിരുത്തുകയാണെങ്കില്‍ അയാള്‍ക്ക് ജാമ്യം നിഷേധിക്കുന്ന വകുപ്പാണ് 43-ഡി. ഷര്‍ജീല്‍ ഇമാം, നദീം ഖാന്‍, സഫൂറ തുടങ്ങിയ മറ്റ് പ്രതികളുമായി ആസിഫിന് ബന്ധമുണ്ട്. പ്രതിഷേധപരിപാടികളിലും പിന്നീട് കലാപത്തിലേക്കും നിരവധി പേരുടെ മരണങ്ങളിലേക്കും നയിച്ച സംഭവത്തിലും പങ്കുണ്ട്- കോടതി ഉത്തരവില്‍ പറയുന്നു.

Read Also: ഗോറി മുതല്‍ അജ്മല്‍ കസബ് വരേ ഇസ്ലാമിക തീവ്രവാദത്തിന്റെ ഇരയാണ് ഭാരതം: ബിജെപി നേതാവ്

പ്രതിക്കെതിരേ ഹാജരായ സാക്ഷികള്‍ കള്ളമൊഴിയാണ് നല്‍കിയതെന്ന് ആസിഫിന്റെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കുന്ന ഈ ഘട്ടത്തില്‍ അത് കണക്കിലെടുക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു. അവരുടെ മൊഴികള്‍ സാക്ഷിവിസ്താരത്തില്‍ മാത്രമേ കണക്കിലെടുക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

പൗരത്വ നിയമഭേദഗതിക്കെതിരേ ജാമിഅ മില്ലിയ ഇസ്ലാമിയ്യ സര്‍വകലാശാലയില്‍ നടത്തിയ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയാണ് ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗവും എസ്‌ഐഒ പ്രവര്‍ത്തകനുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹ. ബിഎ പേര്‍ഷ്യന്‍ ലാംഗ്വേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ജാമിഅ കോ-ഓഡിനേഷന്‍ കമ്മിറ്റിയില്‍ ആസിഫിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍ റഹ്‌മാനെയും അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ആസിഫിനെയും അറസ്റ്റ് ചെയ്തത്.

shortlink

Post Your Comments


Back to top button