പുട്ട് കഴിക്കാന്‍ ഇഷ്ടപ്പെടാത്തവര്‍ കുറവാണ്. മിക്ക ആളുകളും പ്രഭാത ഭക്ഷണമായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് പുട്ട്. അരിപ്പൊടി കൊണ്ടും ഗോതമ്പ്, റവ എന്നിവ കൊണ്ടും വിവിധ തരത്തിലുള്ള പുട്ട് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പുട്ടാണ് ബീറ്റ്‌റൂട്ട് പുട്ട്. കാണാന്‍ ഭംഗി ഉള്ളതും അതിലേറെ സ്വാദിഷ്ടമായതുമാണ് ബീറ്റ്‌റൂട്ട് പുട്ട്. വളരെ എളുപ്പം തയ്യാറാക്കുന്ന ഈ വിഭവം ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. ഇതിനായി ബീറ്റ്റൂട്ട് തൊലി കളഞ്ഞ് നന്നായി ഗ്രേറ്റ് ചെയ്ത് എടുക്കുക. ഒരു കപ്പ് ബീറ്റ്‌റൂട്ട് ആണ് എടുത്തതെങ്കില്‍ രണ്ടു കപ്പ് പുട്ട് പൊടി എടുക്കുക. അതിനു ശേഷം ഗ്രേറ്റ് ചെയ്ത ബീറ്റ്റൂട്ട് മിക്സിയല്‍ ഇട്ടു നന്നായി അരച്ചെടുക്കുക.
ഇത് പുട്ടു പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി കുഴച്ച് യോജിപ്പിക്കുക. പിന്നീട് നാളികേരവും ചേര്‍ത്ത് പുട്ടു കുറ്റിയിലേക്ക് പൊടിയിട്ട ശേഷം ആവിയില്‍ വേവിച്ചെടുക്കാം. പെട്ടന്നു തന്നെ വളരെ സ്വാദിഷ്ടമായ പുട്ട് തയ്യാറാകും. കുട്ടികള്‍ക്ക് രാവിലെയുള്ള ഭക്ഷണം കഴിക്കാന്‍ പൊതുവേ മടിയാണ്. എന്നാല്‍ ഇതുപോലെ ബീറ്റ്റൂട്ട് പുട്ട് ഉണ്ടാക്കിയാല്‍ കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ അത് കഴിക്കുന്നു. കാരണം ബീറ്റ്റൂട്ട് മധുരമുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ മറ്റു കറികളൊന്നും വേണ്ട. ബീറ്റ്റൂട്ട് പുട്ട് തനിയെ കഴിയ്ക്കാവുന്നതാണ്. കുട്ടികള്‍ വളരെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.
അതിലുപരിയായി ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ബീറ്റ്റൂട്ട്. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് കൂട്ടുന്നതിനും രക്തക്കുറവ് പരിഹരിക്കുന്നതിനും ഉത്തമമാണ് ബീറ്റ്റൂട്ട്. ഇത് ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. അര്‍ബുദത്തെ തടയുന്നു. കൂടാതെ ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ധാരാളം ഊര്‍ജ്ജം ലഭിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. അതു കൊണ്ട് തന്നെ രാവിലെ ഇത് കഴിക്കുന്നത് ആരോഗ്യത്തിനും ദിവസത്തെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും വളരെ സഹായകമാണ്.
Post Your Comments