KeralaLatest NewsNews

ടോക്കണ്‍ എടുത്തില്ല: ബീവറേജസ് ജീവനക്കാരന് മർദ്ദനം;‌ കേസ് എടുക്കാതെ മുഖം തിരിച്ച്‌ പോലീസ്

കരച്ചില്‍ കേട്ട് മുകളില്‍ നിന്നും മറ്റ് ജീവനക്കാര്‍ ഇറങ്ങിവന്നപ്പോഴേക്കും അക്രമികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു.

ആലുവ: ടോക്കണ്‍ എടുക്കാതെ മദ്യം വാങ്ങാന്‍ എത്തിയത് ചോദ്യം ചെയ്ത ബീവറേജസ് കോര്‍പ്പറേഷനിലെ സെക്യൂരിറ്റി ജീവനക്കാരനെ മൂന്നംഗ സംഘം മര്‍ദ്ദിച്ച്‌ അവശനാക്കിയിട്ടും കേസ് എടുക്കാതെ മുഖം തിരിച്ച്‌ പോലീസ്. ആലുവ ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ നെടുമ്പാശേരി പൊയ്ക്കാട്ടുശേരി കൂടമലപ്പറമ്പില്‍ സുധീഷാണ് (39) മര്‍ദ്ധനത്തിന് ഇരയായത്. ഇന്നലെ (ഒക്‌ടോബർ-25) രാത്രി 7 മണിയോടെയാണ് സംഭവം. സുധീഷ ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Read Also: ബിജെപിയെ കേരളം കണ്ടു പഠിക്കണം: ശൈഖ് മുഹമ്മദ് കാരകുന്ന്

അന്നേ ദിവസം രാത്രി ഷോപ്പിന്റെ ഷട്ടര്‍ അടയ്ക്കുന്നതിനിടെയാണ് ഓട്ടോറിക്ഷയില്‍ മൂന്ന് പേരെത്തിയത്. മദ്യം ലഭിക്കുമോയെന്ന് സംഘത്തിലെ ഓരാള്‍ ചോദിച്ചപ്പോള്‍ ബുക്ക് ചെയ്ത ടോക്കണ്‍ കാണിക്കാന്‍ സുധീഷ് ആവശ്യപ്പെട്ടു. ഇല്ലെന്ന് പറഞ്ഞ ശേഷം മുകളിലെ നിലയിലേക്ക് ബലമായി സംഘം കയറാന്‍ ശ്രമിച്ചു. തടഞ്ഞപ്പോഴായിരുന്നു മര്‍ദ്ദനം. കരച്ചില്‍ കേട്ട് മുകളില്‍ നിന്നും മറ്റ് ജീവനക്കാര്‍ ഇറങ്ങിവന്നപ്പോഴേക്കും അക്രമികള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്നാണ് സുധീഷിനെ ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചത്.

സംഭവത്തെ തുടർന്ന് പോലീസ് ബിവറേജസ് മദ്യവില്പനശാലയിലും ജില്ലാ ആശുപത്രിയിലും എത്തിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ല. ആരും പരാതി നല്‍കുകയോ ആശുപത്രിയില്‍ നിന്നും ഔദ്യോഗിമായി ഇന്റിമേഷന്‍ ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് സ്റ്റേഷന്‍ എസ്.എച്ച്‌.ഒ പി.എസ്. രാജേഷ് പറഞ്ഞു. അതേസമയം അക്രമണം നടത്തിയത് പട്ടേരിപ്പുറം സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. അക്രമത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button