തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ കോവിഡ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മിച്ച് നല്‍കിയ ആശുപത്രി ഒക്ടോബര്‍ 28ന് ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. 64 കോടി ചെലവഴിച്ച് നിര്‍മ്മിച്ച ആശുപത്രിയില്‍ കോവിഡ് ചികിത്സയ്ക്കുളള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആശുപത്രിയിലേക്കായി 191 തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്. നാല് മാസം കൊണ്ടാണ് 540 കിടക്ക സൗകര്യമുള്ള കോവിഡ് ആശുപത്രി ടാറ്റ നിര്‍മ്മിച്ചത്. കഴിഞ്ഞ മാസം 9 നാണ് കോവിഡ് ആശുപത്രി സൗജന്യമായി സര്‍ക്കാരിന് കൈമാറിയത്.
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്ന് വരികയാണെന്ന് മന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും.
Post Your Comments