KeralaLatest NewsNews

എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടം; 97ന്റെ നിറവിൽ വി എസ്

പ്രായാധിക്യത്തിൽ അനിവാര്യമായ വിശ്രമത്തിലേക്ക് വിഎസ് മാറുമ്പോൾ പാർട്ടിക്കുള്ളിലും പുറത്തും വിഎസിന് പകരം വിഎസ് മാത്രം.

തിരുവനന്തപുരം: കേരള രാഷ്ട്രീയ നായകൻ വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. കോവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളില്ലാത്ത പിറന്നാൾ ദിനമാണ് വി എസിന്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അതിഥികളെയും ഉറ്റവരെയും പിറന്നാളിൽ നിന്ന് ഒഴിവാക്കി. എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളിൽ നിന്നും വിശ്രമത്തിലേക്ക് മാറിയ വർഷമാണ് കടന്നുപോയത്.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് തൊടുമ്പോൾ രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് 97 വയസ്. പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. അപ്പോഴും ജനങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട് ജനങ്ങളുടെ വികാരം ഉച്ചത്തിൽ വിളിച്ചുപറയുന്ന വിഎസിന്‍റെ പൊതുവേദികളിലെ അസാന്നിദ്ധ്യം സംഭവബഹുലമായ ഈ കാലഘട്ടത്തിൽ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളിലൂടെ 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാര്‍ട്ടി പ്രവര്‍ത്തന രംഗത്തു കൊണ്ടുവന്നത്. 1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരില്‍ പ്രധാനിയാണ് വി.എസ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഇന്ന് 97ന്റെ നിറവിൽ നിറഞ്ഞുനിൽക്കുന്നു.

വിഎസിന്‍റെ പ്രസംഗങ്ങൾ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞോടുന്നതാണ് അണികൾക്കും ആരാധകർക്കും ഇന്നും ആവേശം. 2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്‍റെ പിറന്നാളും പൊതുകാര്യമാകുന്നത്. കഴിഞ്ഞ 19 വർഷമായി തുടരുന്ന പിറന്നാൾ കാഴ്ച്ചകളൊന്നും ഇത്തവണയില്ല. വിഎസിന്‍റെ പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Read Also: 100-ാംവാര്‍ഷികത്തിൽ ഏറ്റുമുട്ടാനൊരുങ്ങി സിപിഐ-സിപിഎം; യെച്ചൂരിക്കെതിരെ രൂക്ഷ വിമർശനവുമായി ബിനോയ് വിശ്വം

ഡോക്ടർമാരുടെ നിർദ്ദേശവും കോവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കവടിയാർ വസിതിയിൽ കുടുംബാംഗങ്ങൾ അതിഥികളെ ഒഴിവാക്കുന്നത്. പ്രായാധിക്യത്തിൽ അനിവാര്യമായ വിശ്രമത്തിലേക്ക് വിഎസ് മാറുമ്പോൾ പാർട്ടിക്കുള്ളിലും പുറത്തും വിഎസിന് പകരം വിഎസ് മാത്രം.

shortlink

Related Articles

Post Your Comments


Back to top button