തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണക്കടത്ത് കേസുകളുടെ എണ്ണം കൂടിയതോടെ അത്യാവശ്യ അന്വേഷണങ്ങള്‍ക്ക് പോകാന്‍ പോലും വാഹനമില്ലാത്ത അവസ്ഥയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അന്വേഷണം കസ്റ്റംസ് ഏറ്റെടുത്തതോടെയാണ് വാഹനങ്ങളുടെ കുറവ് രൂക്ഷമായത്. അതിനിടെ കസ്റ്റംസിന്‍റെ വാഹനം ചിലര്‍ സ്വകാര്യാവശ്യത്തിനായി ഉപയോഗിക്കുന്നുവെന്ന പരാതിയും ഉയരുന്നു. നിലവില്‍ സമന്‍സ് കൊടുക്കാനും ചോദ്യം ചെയ്യലിന് പോകാനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്വകാര്യ വാഹനങ്ങളെയോ സ്വന്തം വാഹനങ്ങളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
സ്വപ്നാ കേസിന്‍റെ അന്വേഷണം തുടങ്ങിയ സമയത്ത് സീപ്പോര്‍ട്ടിലുള്ള ഒരു ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തോടൊപ്പം ചേര്‍ത്തിരുന്നു. സ്വപ്നയെ അന്വേഷണത്തിനായി കൊണ്ടുപോകുമ്പോള്‍ കൂടെ ഒരു വനിതാ ഉദ്യോഗസ്ഥയെ കൂട്ടണമെന്നതിനാലാണ് ഇവരെ അന്വേഷണ സംഘത്തോടൊപ്പം ചേര്‍ത്തത്. ഇവര്‍ തിരുവന്തപുരം സ്വദേശിനിയാണ്. തിരുവനന്തപുരം സെട്രല്‍ എക്സൈസിന്‍റെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനായി രണ്ട് വാഹനങ്ങളാണ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഒരു മാസം ഒരു വണ്ടിക്ക് രണ്ടായിരം കിലോമീറ്ററാണ് ഓട്ടപരിധി നിശ്ചയിച്ചിട്ടുള്ളത്. അതനുസരിച്ചാണ് വാടകയും നിശ്ചയിച്ചിരിക്കുന്നത്.
എന്നാൽ ശനിയും ഞായറും അവധിയായതിനാല്‍ കൊച്ചിയില്‍ ജോലി ചെയ്യുന്ന ഇവര്‍ തിരുവനന്തപുരത്തെ വീട്ടിലേക്ക് തിരിച്ച് വരും. എന്നാല്‍ ഇതിനായി ഉപയോഗിക്കുന്നത് തിരുവന്തപുരം തിരുവനന്തപുരം സെട്രല്‍ എക്സൈസ് വാടകയ്ക്കെടുത്തിരിക്കുന്ന വാഹനമാണ്. തിങ്കളാഴ്ച രാവിലെ ഈ ഉദ്യോഗസ്ഥയെ എറണാകുളത്തേക്ക് കൊണ്ടു പോകുന്നതിനും വെള്ളിയാഴ്ച വൈകീട്ട് ഇവരെ തിരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുമായി വാഹനം കൊച്ചിക്ക് പോകും.
തിങ്കളാഴ്ച ഇവരെ എറണാകുളത്ത് എത്തിച്ചതിന് ശേഷമുള്ള മടങ്ങിവരവും വെള്ളിയാഴ്ച ഇവരെ കൂട്ടാനായി എറണാകുളത്തേക്ക് വാഹനം പോകുന്നതും കാലിയടിച്ചാകും. രണ്ടായിരും കിലോമീറ്റര്‍ മാത്രം ഓടാന്‍ നിശ്ചയിച്ചിട്ടുള്ള ഒരു സര്‍ക്കാര്‍ വാഹനമാണ് ഒരു ഉദ്യോഗസ്ഥയെ മാത്രം വീട്ടിലെത്തിക്കാനും തിരിച്ച് ഓഫീലിലെത്തിക്കാനുമായി ഓടുന്നത്. ഇത് മൂലം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യ അന്വേഷണങ്ങള്‍ക്ക് പോകാനായി പോലും വാഹനമില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. ഓഫീസിലെ അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പോകാന്‍ വാഹനമില്ലാതിരിക്കെ സ്വകാര്യ ആവശ്യത്തിനായി സര്‍ക്കാര്‍ വാഹനം വിട്ട് നല്‍കിയതിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം പുകയുകയാണ്. അന്വേഷണോദ്യോഗസ്ഥര്‍ ഇത് സംമ്പന്ധിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും നടപടികളൊന്നുമായില്ല.
Post Your Comments