Latest NewsKeralaNews

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരം ; ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും, ഇടതുപക്ഷവും ഏതറ്റം വരെയും പോരാടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

കേരളത്തിന്റെ പൊതു സ്വത്തായ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ബഹുമാനപ്പെട്ട ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമായിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം വിമാനത്താവളത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കിയതടക്കമുള്ള കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തതാണെങ്കിലും, വിമാനത്താവളം സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടേതാണെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ കമ്പനിക്ക് തീറെഴുതുന്നതിനെതിരെ നിയമപരമായും, ജനാധിപത്യപരമായും നടത്താവുന്ന എല്ലാ പോരാട്ടവും നമ്മള്‍ നടത്തുക തന്നെ ചെയ്യുമെന്ന് കടകംപള്ളി വ്യക്തമാക്കി. വിമാനത്താവളം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതാണ് നല്ലതെന്ന് കരുതുന്ന കുറേ ആളുകളുണ്ട്. അവര്‍ക്കെല്ലാം പിന്നീട് കാര്യങ്ങള്‍ ബോധ്യപ്പെടുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ എത്തിക്കാനും, പ്രവര്‍ത്തനം മികച്ചതാക്കാനും നിഷ്പ്രയാസം കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നതായിരുന്നു. അതിന് എന്തെങ്കിലും ബുദ്ധിമുട്ട് കേന്ദ്രത്തിനുണ്ടായിരുന്നെങ്കില്‍ നെടുമ്പാശ്ശേരിയും, കണ്ണൂരും പോലെ മാതൃകാപരമായി തിരുവനന്തപുരം വിമാനത്താവളത്തെ വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍, സ്വകാര്യ മുതലാളിക്ക് വേണ്ടി രാജ്യത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം കച്ചവടം ചെയ്യുകയാണ് ഉണ്ടായത്. ഇത് പകല്‍ക്കൊള്ള തന്നെയാണ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും, ഇടതുപക്ഷവും ഏതറ്റം വരെയും പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button