ന്യൂഡൽഹി: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാർട്ടിരൂപീകരിച്ചിട്ട് ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നു. 1920ൽ താഷ്കന്റില്‍ വച്ചായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം നടന്നത്.2019 ഒക്ടോബര്‍ 17 മുതല്‍ 2020 ഒക്ടോബര്‍ 17 വരെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികള്‍ക്കാണ് പാർട്ടി നേതൃത്വം നൽകുന്നത്. എല്ലാ ബ്രാഞ്ചുകളിലും പതാക ഉയര്‍ത്തിയും പ്രഭാതഭേരി മുഴക്കിയും വാര്‍ഷികയോഗം സംഘടിപ്പിക്കും.
പൂര്‍ണ്ണസ്വാതന്ത്ര്യമെന്ന മുദ്രാവാക്യം രാജ്യത്ത് ആദ്യമായി ഉയര്‍ത്തിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. പാര്‍ടി ചരിത്രവും മാര്‍ക്‌സിസത്തിന്റെ സമകാലിക പ്രസക്തിയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി വിപുലമായ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഈ സന്ദര്‍ഭം ഉപയോഗിക്കും. ജാതിയമായ അടിച്ചമര്‍ത്തലുകള്‍ക്കും വര്‍ഗ്ഗീയതയ്‌ക്കും എതിരായും സാമൂഹ്യ നീതിക്കുവേണ്ടിയുമുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ സംഭാവനകള്‍ വിശദീകരിക്കുന്ന ക്യാമ്പയിനും സംഘടിപ്പിക്കും.
അതേസമയം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ തീയതിയെ കുറിച്ച് പലവിധ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സി.പി.ഐ.-യുടെ നിലപാട് പ്രകാരം 1925-ൽ കാൺപൂരിൽ വെച്ചാണ് അവിഭക്ത സി.പി.ഐ. രൂപീകൃതമായത് എന്നാണ്. എന്നാൽ സി.പി.ഐ.(എം)-ന്റെ നിലപാടാകട്ടെ, 1920-ൽ താഷ്കന്റിൽ വെച്ചാണ് സംഘടന രൂപീകരിച്ചതെന്നും. ഇന്ത്യ ഉൾപ്പെടെയുള്ള പൗരസ്ത്യ രാജ്യങ്ങളിൽ ഉയർന്നു വന്ന വിപ്ലവമുന്നേറ്റങ്ങൾക്ക് ഒരു സംഘടിതരൂപം നൽകുവാൻ സോവിയറ്റ് യൂണിയനിലെ നേതാക്കൾ ഒരു കമ്മ്യൂണിസ്റ്റ് സർവ്വകലാശാലയ്ക്ക് രൂപം നൽകുകയുണ്ടായി.
അവിടെ നിന്നും പരിശീലനം ലഭിച്ച നിരവധിയാളുകൾ ഇന്ത്യയിലേക്ക് തിരികെ പോയി കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുവാൻ സഹായിച്ചിരുന്നുവെങ്കിലും, അത് മാത്രം പോരായെന്ന് തിരിച്ചറിഞ്ഞ് കൊണ്ട്, ഒരു കേന്ദ്രീകൃത നേതൃത്വം ഇന്ത്യയിലെ ഇടതുപക്ഷത്തിന് ആവശ്യമാണെന്ന് കണ്ട് 1920 ഒക്ടോബറിൽ താഷ്കെന്റിൽ വെച്ച് ഒരു കമ്മിറ്റി സംഘടിപ്പിച്ചു.
എം.എൻ. റോയ്, അബാനി മുഖർജി, ഹസ്രത് അഹ്മദ് ഷഫീക്ക് തുടങ്ങി ഏതാനും ചില വ്യക്തികൾ പങ്കെടുത്ത ഈ ചടങ്ങലിലാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുവാൻ ധാരണ ആയത്. തുടർന്നുള്ള വർഷങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്കും കാൺപൂരിലെ മീറ്റിങ്ങിനും വഴി വെച്ചത് താഷ്കെന്റിലെ മീറ്റിങ്ങാണെന്നാണ് സി.പി.ഐ. (എം) നേതാവും എഴുത്തുകാരനുമായ പി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുന്നത്
Post Your Comments