ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഒക്‌ടോബർ 15. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം ഭാരതീയരെ സംബന്ധിച്ചടുത്തോളം ഒരു വികാരമാണ്.
ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്ര തന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹത്തിന്റെ ജീവിതം മാതൃകയായിരുന്നു. ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയായ കലാം എന്നും സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ജീവിച്ചു.
മാറ്റമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അത് കൊണ്ടുവരുന്നവരില്‍ ആദ്യത്തെ ആള്‍ നിങ്ങളാവട്ടെ എന്നതാണ് കലാം നല്‍കിയ സന്ദേശം. മാറ്റമെന്നത് പ്രകടമായി സ്വന്തം ജീവിതത്തിലുടെ കാണിക്കുകയും ചെയ്തു.
മതേതരത്വത്തിന്റെയും മതാതീത ആത്മീയതയുടെയും ഭാരതീയ ദാർശനിക വഴികളിലൂടെയാണ് കലാം എന്നും സഞ്ചരിച്ചത്. നേട്ടങ്ങളുടെ കൊടുമുടിയിലെത്തിയിട്ടും വിനയത്തില്‍ പൊതിഞ്ഞ പുഞ്ചിരി മാത്രമായിരുന്നു കലാമിന്റെ സമ്പാദ്യം. പണം കൊണ്ട് എന്തു നേടിയാലും അത് നഷ്ടമാവാന്‍ കണ്ണുചിമ്മുന്ന നേരം മതിയെന്ന് അദേഹം പ്രചരിപ്പിച്ചു. വിദ്യാര്‍ഥികളോട് എന്നും അദേഹം പറഞ്ഞതിതാണ്.
ഇന്ത്യ കണ്ട മികച്ച ശസ്ത്രജ്ഞനായിരുന്ന കലാം ജനകീയ രാഷ്ട്രപതി എന്ന പേര് സമ്പാദിച്ചത് ഒരൊറ്റ ഫോര്‍മുല ഉപയോഗിച്ചാണ്. സ്വപ്നങ്ങള്‍ നിങ്ങളിലക്ക് വന്നു ചേരും മുന്‍പ് തന്നെ സ്വപ്നങ്ങളെ കൈപിടിയിലാക്കുക. സ്വപ്നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തത് കുറ്റമാണ് എന്ന് അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു.
ശരീരത്തെ പ്രായം ബാധിക്കുമ്പോഴും മനസ്സിനെ ജരാനരകള്‍ ബാധിക്കാന്‍ കലാം അനുവദിച്ചില്ല. മനുഷ്യരുമായുള്ള എല്ലാ സംഗമങ്ങളില്‍നിന്നും താന്‍ പഠിക്കുകയാണ് എന്നദ്ദേഹം എഴുതി. ഇന്ത്യൻ യുവത്വത്തെ ഗാഢമായി സ്വാധീനിച്ച കലാമിന്റെ ജീവിതം ഭാവിയുടെ ഊർജരേണുക്കളായി പടർന്ന് നിറയുമെന്ന യാഥാർഥ്യം കലാമിന്റെ ഏറ്റവും വലിയ സംഭാവനയായി കാലം രേഖപ്പെടുത്തും.
Post Your Comments