ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഇത്തരമൊരു സൗകര്യം ഏര്‍പ്പെടുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിനുശേഷം രാജ്യത്ത് നടക്കുന്ന ആദ്യത്തെ വലിയ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്.
അതേസമയം മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ ബാലറ്റ് വേണ്ടെന്നുവെക്കാനുള്ള അനുവാദവും ഉണ്ടാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍കൂട്ടി നിശ്ചയിച്ച ദിവസം റിട്ടേണിങ് ഓഫീസര്‍മാര്‍ എല്ലാ സുരക്ഷയും സുതാര്യതയും ഉറപ്പാക്കിക്കൊണ്ട് പോസ്റ്റല്‍ ബാലറ്റ് കൈമാറുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന പൗരന്മാരുടെയും ഭിന്നശേഷിക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി.
ബിഹാര്‍ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലും കോവിഡ് വ്യാപനത്തിനിടെ മറ്റുസംസ്ഥാനങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളും ഈ സൗകര്യം ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന 71 മണ്ഡലങ്ങളിലെ നാലു ലക്ഷത്തിലധികം വരുന്ന മുതിര്‍ന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) മാര്‍ നേരിട്ടുകണ്ട് അഭിപ്രായം ആരാഞ്ഞിരുന്നു.
read also: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കോവിഡ് മുക്തനായി; ആരോഗ്യ നിലയെക്കുറിച്ച് എയിംസ് അധികൃതരുടെ വിശദീകരണം
ഇതില്‍ 52,000ത്തിലധികം പേര്‍ പോസ്റ്റല്‍ ബാലറ്റ് എന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. രണ്ടും മൂന്നും ഘട്ട തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി 12 ലക്ഷത്തോളം വോട്ടര്‍മാരെ ബിഎല്‍ഒമാര്‍ നേരിട്ടുകണ്ട് അഭിപ്രായം ആരായും. ബീഹാറിൽ മൂന്നുഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഒക്ടോബര്‍ 28 (71 സീറ്റുകള്‍), നവംബര്‍ മൂന്ന് (94 സീറ്റുകള്‍), നവംബര്‍ ഏഴ് (78 സീറ്റുകള്‍) എന്നീ ദിവസങ്ങളില്‍ ആണ് വോട്ടെടുപ്പ്. നവംബര്‍ പത്തിനാണ് വോട്ടെണ്ണല്‍.
Post Your Comments