തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിലുണ്ടായ കൈയാങ്കളി കേസിൽ പ്രതികളായ എം.എൽ.എ.മാർക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു.
നിയമസഭയിലെ കംപ്യൂട്ടറുകളും സ്പീക്കറുടെ കസേരയടക്കമുള്ള ഉപകരണങ്ങളും അടിച്ചുതകർത്ത കേസിലെ പ്രതികളായ മുൻ എം.എൽ.എ.മാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവൻ, വി. ശിവൻകുട്ടി എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. 35,000 രൂപവീതം കോടതിയിൽ കെട്ടിവെച്ച ശേഷമാണ് ജാമ്യം ലഭിച്ചത്.
നിയമസഭയിലെ പൊതുമുതല്‍ നശിപ്പിച്ചതിന് ഇപ്പോഴത്തെ മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവര്‍ ഉള്‍പ്പെടെ കഴിഞ്ഞ സഭയിലെ ആറ് എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. കേസിലെ മറ്റ് പ്രതികളായ മന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ എന്നിവർ ജാമ്യത്തിന് കോടതിയിൽ ഹാജരായില്ല.
ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതലാണ് പ്രതികൾ നശിപ്പിച്ചത്. പൊതുമുതൽ നശീകരണ നിയമപ്രകാരമായ കേസായതു കൊണ്ടുതന്നെ സർക്കാരിനുണ്ടായ നഷ്ടപരിഹാരം പ്രതികൾ അടയ്ക്കാതെ കോടതി ജാമ്യം അനുവദിക്കാറില്ല.
പൊതുമുതൽ നശിപ്പിച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസായിട്ടുകൂടി അത് പിൻവലിക്കാൻ സർക്കാർ ശ്രമിച്ചതിനെ കോടതി നിശിതമായി വിമർശിച്ചിരുന്നു.
Post Your Comments