മുംബൈ: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കഷ്ടകാലം കഴിഞ്ഞുവെന്ന അഭിപ്രായവുമായി വ്യവസായ പ്രമുഖര്‍. പ്രധാന സെക്ടറുകളിലെല്ലാം മാറ്റം പ്രകടമാണ്. സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിലെ കണക്കുകള്‍ ഇതിന് ഊര്‍ജം പകരുന്നതാണ്. ഗ്രാമീണ-നഗര മേഖലകള്‍ വളര്‍ച്ചയുടെ പാതയിലാണെന്നും വ്യവസായ പ്രമുഖര്‍ വ്യക്തമാക്കി. രാജ്യത്തെ സ്ഥൂല സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട കണക്കുകള്‍ ആത്മവിശ്വാസം പകരുന്നതാണ്.
കഴിഞ്ഞ മാസം സ്ഥിതി ഒരുപാട് മെച്ചപ്പെട്ടു. ഉത്സവസീസണ്‍ വരുന്നതോടെ ഇനിയും വളര്‍ച്ചയുണ്ടാകുമെന്ന് ആക്സിസ് ബാങ്ക് എം.ഡി അമിതാഭ് ചൗധരി പറഞ്ഞു. ചില മേഖലകളില്‍ ഇരുചക്രവാഹനങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെന്ന് ഹീറോ മോട്ടോ കോര്‍പ്പ് ചെയര്മാന് പവന് മുഞ്ചാല്‍ പറഞ്ഞു. ഉത്സവസീസണില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സമ്പദ്വ്യവസ്ഥക്ക് കഴിയുമെന്ന് എസ്.ബി.ഐ ചെയര്മാന് രജനീഷ് കുമാറും പ്രത്യാശ പ്രകടിപ്പിച്ചു.
ഗ്രാമീണ മേഖലയിലും ഇടത്തരം നഗരങ്ങളിലുമാണ് വില്പന കൂടിയത്. വാഹനങ്ങളില്‍ തുടങ്ങി എഫ്.എം.സി.ജി വരെയുള്ളവയുടെ വില്പന കൂടിയെന്ന് ടി.വി.എസ് ചെയര്മാന് വേണു ശ്രിനിവാസന് പറഞ്ഞു. ഗ്രാമീണ മേഖലയുടെ വളര്‍ച്ചയുടെ കരുത്തില്‍ നഗരമേഖലയുടെ നഷ്ടം നികത്തുമെന്ന് ഗോദ്റേജ് ഗ്രൂപ്പ് ചെയര്മാന് അദി ഗോദറേജ് പറഞ്ഞു. ആഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സെപ്റ്റംബറില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
ഉല്പാദനം പഴയ സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ടെന്നും ടാറ്റ സ്റ്റീല്‍ സി.ഇ.ഒ ടി.വി നരേന്ദ്രന് പറഞ്ഞു. സമ്പദ്വ്യവസ്ഥയുടെ രണ്ടാം പാദത്തില്‍ ജി.ഡി.പി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഫിക്കി പ്രസിഡന്റ് സംഗീത റെഡ്ഡി പറഞ്ഞു. ഡിമാന്‍ഡ് കുറയുന്നതാണ് നിലവിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അവര്‍ വ്യക്തമാക്കി.
Post Your Comments