ന്യൂഡല്‍ഹി: ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ വ്യോമസേന. ഇടിമുഴക്കമായി റഫേലും ജാഗ്വറും സുഖോയ് വിമാനങ്ങളും. ബുധനാഴ്ച നടക്കുന്ന 88-ാം ഇന്ത്യന്‍ വ്യോമസേനാ ദിനത്തിലാണ് തങ്ങളുടെ ശക്തി പ്രകടനങ്ങള്‍ക്കായി ഈ യുദ്ധവിമാനങ്ങള്‍ പറന്നുയരുക. ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാ നമായ റഫേല്‍ എത്തിയശേഷമുള്ള ആദ്യ വ്യോമസേനാ ദിനമാണ് ഇന്ത്യ ആഘോഷിക്കാന്‍ പോകുന്നത്. റഫേലിനൊപ്പം തേജസ്സ് എല്‍സിഎ, ജാഗ്വാര്‍, മിഗ്-29, മിഗ്-21, സുഖോയ്-30 എന്നീ വിമാനങ്ങളും ആകാശത്ത് അഭ്യാസപ്രകടനം നടത്തും. സൂര്യകിരണ്‍ എയ്റോബാറ്റിക് സംഘവും സാരംഗ് എയറോബാറ്റിക് സംഘവും പരിശീലനവിമാനങ്ങളുമായി ആകാശക്കാഴ്ചയൊരുക്കുമെന്നും വ്യോമസേന അറിയിച്ചു.
സെപ്തംബര്‍ 10ന് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറിയ അഞ്ചു റഫേല്‍ വിമാനങ്ങളും ആകാശത്ത് ഇടിമുഴക്കം സൃഷ്ടിച്ച് ക്ഷമത പ്രദര്‍ശിപ്പിക്കുമെ ന്നതാണ് ഇത്തവണത്തെ പ്രത്യേകത. ചൈനയുടെ നിരന്തരമായ പ്രകോപനം നിലനില്‍ക്കേയാണ് സര്‍വ്വസജ്ജമായ ഒരു വ്യോമസേന ദിനം ആഘോഷിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യോമസേന ദിനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നുവെന്നും വ്യോമസേന വക്താവ് വ്യക്തമാക്കി.
യുദ്ധ വിമാനങ്ങള്‍ക്കൊപ്പം യുദ്ധസന്നാഹത്തോടെയുള്ള ഹെലികോപ്റ്റര്‍ വ്യൂഹവും ആകാശത്ത് ശക്തി തെളിയിക്കും. എം.ഐ 7 വി 5, എ.എല്‍ എച്ച് മാര്‍ക്ക്-4, ചിനൂക്ക്, എം.ഐ-35, അപ്പാഷെ എന്നിവയും അണിനിരക്കും. ഇവയ്ക്കൊപ്പം മറ്റ് വ്യോമസേനാ വിമാനങ്ങളായ സി-17, സി-130, ഗോണിയര്‍, ഡിസി-3 ഡക്കോട്ട വിമാനങ്ങളും ഇന്നലെ പരിശീലനം നടത്തി. വ്യോമസേനാ ദിനത്തില്‍ നടത്തേണ്ട എല്ലാ പരിപാടികളും അതേപടി കൃത്യമായ സമയക്രമം വച്ച് തന്നെ പരിശീലിക്കുന്ന രീതിയാണ് സൈന്യം ഇന്ന് പൂര്‍ത്തിയാക്കിയത്.
Post Your Comments