ഹത്രാസ് : ഹത്രാസ് കൂട്ട ബലാത്സംഗ കേസില്‍ പുതിയ വഴിത്തിരിവ്. ഹത്രാസില്‍ പീഡനത്തിനിരായായ പെണ്‍കുട്ടിയും മുഖ്യപ്രതി സന്ദീപ് സിംഗും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇരുവരും തമ്മില്‍ 104 തവണ ഫോണില്‍ സംസാരിച്ചതായാണ് ടെലിഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. ഇരയുടെ കുടുംബത്തിന്റെയും പ്രധാന പ്രതികളുടെയും ഫോണുകള്‍ ഉത്തര്‍പ്രദേശ് പൊലീസ് പരിശോധിച്ചപ്പോഴാണ് മുഖ്യപ്രതിയും പെണ്‍കുട്ടിയും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടതായി വ്യക്തമായത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ സത്യേന്ദ്രയുടെ പേരിലുള്ള നമ്ബറില് നിന്നാണ് സന്ദീപിന് സ്ഥിരമായി ഫോണ് കോളുകള് വന്നതായി പോലീസ് പറയുന്നത്. 2019 ഒക്ടോബര്‍ 13 മുതലാണ് സത്യേന്ദ്രയുടെ പേരിലുള്ള സിമ്മില്‍ നിന്ന് സന്ദീപിന് ടെലിഫോണ്‍ കോളുകള്‍ വരാന്‍ തുടങ്ങിയത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന സംശയമാണ് ഇതുയര്‍ത്തുന്നതെന്ന് പോലിസ് കേന്ദ്രങ്ങള്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
അകലെയുള്ള ചാന്ദ്പ മേഖലയില്‍ സ്ഥിതിചെയ്യുന്ന സെല്‍ ടവറുകളില്‍ നിന്നാണ് മിക്ക കോളുകളും ലഭിച്ചത്. 62 ഔട്‌ഗോയിംഗ് കോളുകളും 42 ഇന്‍കമിംഗ് കോളുകളും ഉള്‍പ്പെടെ 104 കോളുകളാണ് ഇരു നമ്പറുകള്‍ക്കുമിടയില്‍ നടന്നത്. സെപ്റ്റംബര്‍ 14-നാണ് ദളിത് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. കഴുത്തിന്റെ എല്ലുകളിലും സുഷുമ്‌നയിലും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് അലിഗഡിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സെപ്റ്റംബര് 29ന് പെണ്‍കുട്ടി മരിച്ചു.അതേസമയം ഹത്രാസ് സംഭവത്തില്‍ ഇരയുടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്ക്കരിച്ചതെന്ന് യുപി സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. കേസ് ഉന്നത ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാപര്യഹര്‍ജിയിലാണ് യുപി സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.
ഹാത്രസ് സംഭവത്തിന്‍റെ മറവില്‍ യുപിയില്‍ ചില സംഘടനകള്‍ കലാപത്തിന് പദ്ധതിയിട്ടതായും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ യുപി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കലാപം സംഘടിപ്പിക്കാന്‍ മന:പൂര്‍വവും ആസൂത്രിതവുമായ ശ്രമങ്ങള്‍ നടക്കുന്നു.
ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്‌സ്‌ആപ്പ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് കലാപത്തിന് ശ്രമം നടത്തുന്നത്. ഹത്രാസ് സംഭവത്തില്‍ പോലീസ് നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.പ്രദേശത്തെ സുരക്ഷിതമല്ലാത്ത സഹാചര്യം കാരണമാണ് , രാത്രിയില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തേണ്ടി വന്നത്.
ചില രാഷ്ട്രീയ പാര്‍ട്ടികളും ഒരു വിഭാഗം മാധ്യമങ്ങളും ഇക്കാര്യത്തിന് സാമുദായിക, വംശീയ നിറം നല്‍കി കലാപത്തിന് കോപ്പുകൂട്ടി. മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് പരാമര്‍ശമില്ല. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് കോടതി നിര്‍ദേശം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments