ഗോഹട്ടി: പരേഷ് ബറുവ നേതൃത്വം നല്‍കുന്ന ആസാം ഭീകര സംഘടനയായ ഉള്‍ഫ (ഐ) ഇപ്പോള്‍ ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ റൂയിലി ആസ്ഥാനമാക്കി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍ ഗോഹട്ടിയിലെ ഭീകര വിരുദ്ധ ട്രൈബ്യൂണലിനെ അറിയിച്ചു. ആദ്യമായാണ് കേന്ദ്രം ട്രൈബ്യൂണലില്‍ ഇങ്ങനെയൊരു സത്യവാങ്‌മൂലം നല്‍കുന്നത്.
പരേഷ് ബറുവ വര്‍ഷങ്ങളായി ചൈനീസ് – മ്യാന്‍മര്‍ അതിര്‍ത്തിയിലെ റൂയിലിയില്‍ ഉണ്ടെന്നും ചൈനീസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ സഹായവും സംരക്ഷണവും ഉണ്ടെന്നും നേരത്തേ വ്യക്തമായിരുന്നു. വര്‍ഷങ്ങളായി ഉള്‍ഫ നേതാവ് മാത്രമാണ് ചൈന-മ്യാന്‍മാര്‍ അതിര്‍ത്തിയിലുള്ള റൂയിലിയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇവിടെ ഭീകരര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.
പരിശീലനം ലഭിച്ച ഭീകരര്‍ ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ സാഗയിങ് ഡിവിഷനിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.ഇവര്‍ക്കെതിരെ മ്യാന്‍മര്‍ സൈന്യം 2019 ജനുവരി 28ന് നടപടിയെടുത്തതായും ഉള്‍ഫ ഭീകരര്‍ക്ക് വന്‍ നാശം സംഭവിച്ചതായും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച മറ്റൊരു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സൈനിക നടപടിയില്‍ ലുങ്മാര്‍ക്ക്, താക്ക, നീല്‍ഗിരി ഉള്‍ഫ ഭീകരക്യാമ്ബുകള്‍ക്ക് കനത്ത ആഘാതമാണ് സംഭവിച്ചത്.
ഉള്‍ഫ -ഐ പണം തട്ടിയെടുക്കല്‍, ആയുധ സംഭരണം, തീവ്രവാദി റിക്രൂട്ട്മെന്റ്, മറ്റ് അക്രമ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്നതായും. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസാമില്‍ വംശീയ അക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ചിരുന്നതായും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.ഉള്‍ഫ സൈബര്‍ ആക്രമണങ്ങള്‍ക്കായി ഐടി വിദഗ്ധരെ റിക്രൂട്ട് ചെയ്യുന്നതായും ഇത് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് ഭീഷണിയാണെന്നും സംസ്ഥാനസര്‍ക്കാര്‍ ട്രൈബ്യൂണലില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് സാഗയിംഗ്. അവിടെ ഉള്‍ഫ – ഐ, നാഗാലാന്‍ഡിലെ ഭീകരഗ്രൂപ്പായ എന്‍.എസ്.സി.എന്‍- കെയുടെ സഹായത്തോടെ സ്ഥാപിച്ച എട്ട് ക്യാമ്പുകളുടെ വിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പ്രശാന്ത് കുമാര്‍ ദേക്കയുടെ നേതൃത്വത്തിലുള്ള ട്രൈബ്യൂണലിന് മുമ്പാകെയാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇന്ത്യയുടെ പരാമാധികാരത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന ഉള്‍ഫയുടെ നിരോധനം നീട്ടിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ട്രൈബ്യൂണല്‍ അംഗീകരിച്ചിരുന്നു
Post Your Comments