തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തനിക്ക് ഐ ഫോൺ നൽകിയെന്ന സന്തോഷ് ഈപ്പന്റെ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്തോഷ് ഈപ്പന് വക്കീൽ നോട്ടീസ് അയച്ചു. സന്തോഷ് ഈപ്പൻ നൽകിയ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ തനിക്ക് അപകീര്‍ത്തി ഉണ്ടാക്കിയെന്ന് ചെന്നിത്തല വക്കീൽ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം. ഏറ്റവും കുറഞ്ഞത് മൂന്ന് പ്രധാന മാധ്യമങ്ങളിലൂടെ ഇക്കാര്യം പ്രസിദ്ധീകരിക്കണം. അല്ലാത്തപക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും ചെന്നിത്തല വക്കീൽ നോട്ടീസിൽ അറിയിച്ചു.
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
യു.എ.ഇ. ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന് സ്വപ്ന വഴി ഐ ഫോൺ സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനെതിരേ സന്തോഷ് ഈപ്പൻ ഹൈക്കോടതയിൽ നൽകിയ ഹർജിയിലാണ് ഐ ഫോൺ നൽകിയ കാര്യം വ്യക്തമാക്കിയത്.
Post Your Comments