തൃശ്ശൂര്‍: കുന്നംകുളം ചിറ്റിലങ്ങാട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെപി.യ്‌ക്കോ സംഘപരിവാര്‍ സംഘടനകള്‍ക്കോ ഒരു തരത്തിലുള്ള ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.കെ അനീഷ്‌കുമാര്‍. ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ പാതിരാത്രി നടന്ന സംഘര്‍ഷമാണ് കൊലപാതകത്തില്‍ എത്തിയിട്ടുള്ളത്. ഒരു രാഷ്ട്രീയ ബന്ധവുമില്ലാത്ത സംഭവത്തെ രാഷ്ടീയവല്‍ക്കരിച്ച് തനിക്കെതിരെയുള്ള ലൈഫ് ഫ്‌ലാറ്റ് അഴിമതിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മന്ത്രി ഏ.സി മൊയ്തീന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലും കൊലപാതകവും തുടര്‍ക്കഥയായത് ഈ സര്‍ക്കാരിന്റെ ഭരണപരാജയമാണെന്ന് അംഗീകരിക്കുകയാണ് മൊയ്തീന്‍ ചെയ്യേണ്ടത്. പാതി രാത്രി തന്റെ വീട്ടില്‍ നിന്ന് കിലോമീറ്ററുകള്‍ക്കകലെ വെച്ച് ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റ്മുട്ടലില്‍ ബ്രാഞ്ച് സെക്രട്ടറി എങ്ങനെ മരിച്ചു എന്ന് സി.പി.എം വിശദീകരിക്കണം. ഗുണ്ടാ – കഞ്ചാവ് മാഫിയകള്‍ക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്ന ഏ.സി മൊയ്തീനും സി.പി.എം നേതാക്കളും കേരള സര്‍ക്കാരുമാണ് ഈ കൊലപാതകത്തിന്റെ ഉത്തരവാദികളെന്നും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Post Your Comments