കൊച്ചി: രണ്ടില ചിഹ്നം കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിന് അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ഒരുമാസത്തേക്ക് സ്റ്റേ ചെയ്ത കോടതി കേസ് ഇന്ന് പരിഗണിക്കുന്നതിന് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് പി ജെ ജോസഫ് ഹർജിയിൽ ആരോപിക്കുന്നു. ഭരണഘടന ലംഘിച്ചാണ് ജോസ് വിഭാഗം പാർടി രൂപീകരിച്ചതെന്നാണ് സിവിൽ കോടതിയുടെ കണ്ടെത്തൽ. ജോസ് കെ മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത് നിലനിൽക്കില്ലെന്നും പദവിയിൽ പ്രവർത്തിക്കുന്നതും ഓഫീസ് ഉപയോഗിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്. സിവിൽ കോടതിയുടെ ഈ ഉത്തരവ് നിലനിൽക്കെയുള്ള കമീഷന്റെ തീരുമാനം ഏകകണ്ഠമല്ല.
രണ്ടംഗങ്ങൾ ചിഹ്നം അനുവദിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചപ്പോൾ, ഒരംഗം എതിർത്തു. 450 അംഗ സംസ്ഥാന കമ്മിറ്റിയെ 305 ആയി പരിഗണിച്ച കമീഷന്റെ നടപടി തെറ്റാണ്. ഇരുപക്ഷവും സമർപ്പിച്ച പട്ടികയിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയ കമീഷൻതന്നെ സംസ്ഥാന കമ്മിറ്റിയുടെ മൊത്തം അംഗസംഖ്യ കുറച്ച് പരിഗണിച്ചത് ശരിയല്ല. കമീഷന് ഇതിന് അധികാരമില്ലെന്നും കമീഷൻ പരിധിവിട്ടെന്നും
പി ജെ ജോസഫ് ഹർജിയിൽ പറയുന്നു.
Post Your Comments