KeralaLatest NewsNews

എസ്ഡിപിഐയുമായി ചേർന്ന പാർട്ടിയാണ് മുസ്‌ലിംലീഗിനെ കുറ്റപ്പെടുത്തുന്നത്; അധികാരത്തിനായി ഏത് ചെകുത്താനുമായും കൂട്ടുകൂടുന്ന നയം സിപിഎമ്മിന്റേതെന്നും കെപിഎ മജീദ്

കോഴിക്കോട്: അധികാരത്തിനു വേണ്ടി ഏത് ചെകുത്താനുമായും കൂട്ടുകൂടാം എന്നത് സിപിഎമ്മിന്റെ നയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. എസ്ഡിപിഐയുമായി ചേർന്ന് പഞ്ചായത്തുകൾ ഭരിക്കുന്ന സിപിഎം അധികാരത്തിനു വേണ്ടി തരാതരം വർഗ്ഗീയശക്തികളുമായി കൂട്ടുചേരുന്ന കേരളത്തിലെ ഒരേയൊരു പാർട്ടിയാണെന്നും കെപിഎ മജീദ് പറഞ്ഞു. മുസ്‌ലിംലീഗിനെ ലക്ഷ്യമിട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read also: ‘ഒരു കഥ സൊല്ലട്ടുമാ’; കഥപറയാൻ ഓരോ ആഴ്ചയും സമയം കണ്ടെത്തണമെന്ന് മൻകി ബാത്തിൽ നരേന്ദ്ര മാേദി

കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനകൾ നുണകളെ സത്യമാക്കാനുള്ള ഗീബൽസിയൻ തന്ത്രമാണെന്നും മുസ്‌ലിം ലീഗിനെതിരെ ഉപയോഗിക്കാനായി തീവ്രവാദ ശക്തികളുമായി വേദി പങ്കിടുകയും അവരെ പാലൂട്ടി വളർത്തുകയും ചെയ്തത് സിപിഎമ്മാണെന്നും കെപിഎ മജീദ് പറഞ്ഞു.

ബിജെപിയല്ല മുഖ്യശത്രു എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പ്രസ്താവനയെ വളച്ചൊടിക്കുകയാണ് സിപിഎം ചെയ്തത്. ആ നുണയെ ആവർത്തിക്കാനാണ് കോടിയേരി ശ്രമിച്ചത്. പാർട്ടിക്കും സർക്കാരിനുമെതിരെ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന അഴിമതി ആരോപണങ്ങൾക്ക് മറയിടാനുമാണ് ലീഗ് വർഗ്ഗീയശക്തികളെ കൂട്ടുപിടിക്കുന്നു എന്ന ആരോപണം കോടിയേരി ആവർത്തിക്കുന്നത്.

മുതലാളിത്തത്തിനും വർഗ്ഗീയതക്കുമെതിരെ നിരന്തരം പ്രസംഗിക്കുകയും തരംകിട്ടുമ്പോഴൊക്കെ ഇത്തരം ശക്തികളുമായി കൂട്ടുകൂടുകയും ചെയ്യുന്ന കാപട്യത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ഒരു നുണ നൂറുവട്ടം ആവർത്തിച്ചാൽ സത്യമാകില്ലെന്ന് കോടിയേരി ഓർക്കുന്നത് നല്ലതാണ് മജീദ് അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button