തിരുവനന്തപുരം: ലൈഫ് മിഷനിലേക്ക് സിബിഐ കൂടി വരുമ്പോൾ സംസ്ഥാന സർക്കാരിന് പ്രതിസന്ധി കടുക്കുകയാണ്. എൻഐഎ, ഇഡി, കസ്റ്റംസ്, ഇൻകം ടാക്സ്, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഐബി ഇപ്പോഴിതാ സിബിഐയും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഷയിൽ 7 കേന്ദ്ര ഏജൻസികളാണു ‘സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങിനടക്കുന്നത്’.
കോൺഗ്രസ് എം.എൽ.എ അനിൽ അക്കര നൽകിയ പരാതിയിലാണ് ഇപ്പോൾ സി.ബി.ഐയുടെ രംഗപ്രവേശനം. കേരളത്തിലെ ഒരു സർക്കാരുകൾക്ക് മേലിലും കേന്ദ്ര ഏജൻസികൾ ഇത്തരത്തിൽ വല വിരിച്ചിട്ടില്ല. അതിനാൽ തന്നെ പിണറായി സർക്കാർ അഭിമുഖീകരിക്കുന്നത് അക്ഷരാർഥത്തിൽ ഒരു അഗ്നിപരീക്ഷ തന്നെയാണ്.
പിണറായി തന്നെ ലൈഫ് മിഷൻ എക്സിക്യൂട്ടീവ് ചെയർമാനായിരിക്കെ അന്വേഷണത്തിന്റെ ഒരറ്റം സ്വാഭാവികമായും അദ്ദേഹത്തിലേക്കുമെത്തും. അതിനാൽ തന്നെയാണ് ലൈഫ് മിഷൻ തട്ടിപ്പിനെ ‘രണ്ടാം ലാവ്‌ലിൻ’ എന്ന് പ്രതിപക്ഷം നേരത്തെ വിശേഷിപ്പിച്ചതും.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് സി.ബി.ഐയെ സംബന്ധിച്ചിടത്തോളം സാങ്കേതികം മാത്രമാണ്. സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയ സ്വർണക്കടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ വഴിതുറക്കുന്ന ഒരു കേസ് മാത്രമാണ് സി.ബി.ഐക്ക് ലൈഫ് മിഷൻ.
സ്വർണക്കടത്തു കേസിൽ യുക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനുള്ള ആർജവം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായെങ്കിൽ ലൈഫ് മിഷനിലെ സിബിഐ അന്വേഷത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുവന്നുവെന്നതും ഇതിനാൽ തന്നെ ശ്രദ്ധേയമാണ്. രാഷ്ട്രീയപരമാണ് കേന്ദ്ര ഏജൻസികളുടെ ഈ നീക്കത്തിനു പിന്നിലെന്ന പാർട്ടി നിലപാടുകളിൽ നിന്ന് തന്നെ സി.ബി.ഐ കളത്തിലിറങ്ങിയതിൽ പാർട്ടിക്കുള്ള ഭയം തുറന്നു കാട്ടുന്നു. അതിനാൽ മറ്റ് അന്വേഷണങ്ങൾക്കെതിരെയും ഇനി സിപിഎം ശബ്ദിച്ചു തുടങ്ങും.
Post Your Comments