തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സപ്ലൈകോയിൽ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചു പണി. സപ്ലൈകോയിലെ പർച്ചേസ് മാനേജരേയും ഗുണനിലവാര പരിശോധന വിഭാഗം മാനേജരേയുമാണ് തൽസ്ഥാനത്തു നിന്ന് നീക്കം ചെയ്തത്.
കിറ്റ് വിതരണം തുടരുന്ന സാഹചര്യത്തിലും സാധനങ്ങളുടെ ഗുണ നിലവാരത്തിനെതിരെ പരാതി ഉയരുമ്പോഴും ഗുണനിലവാര പരിശോധനക്ക് ഒരു ഉദ്യോഗസ്ഥന് പൂർണ ചുമതല നൽകാത്തത് സംശയത്തിന് ഇടയാക്കുന്നുണ്ട്. എന്നാൽ സപ്ലൈകോയിലെ പർച്ചേഴ്സ് മാനേജരായിരുന്ന ആർ എൻ സതീഷിനെ മാർക്കറ്റിങ്ങിലേക്കും ഗുണ നിലവാര പരിശോധന വിഭാഗം മാനേജർ പി എസ് അനിലിനെ ഫിനാൻസിലേക്കുമാണ് മാറ്റിയത്. ഫിനാൻസ് മാനേജരായിരുന്ന എം ആർ ദീപുവിനാണ് പർച്ചേസിന്റ ചുമതല. അതേ സമയം ഗുണ നിലവാര പരിശോധനയുടെ ചുമതല നൽകിയ ബി ജയശ്രീക്കാകട്ടെ ഈ രംഗത്ത് മതിയായ യോഗ്യതയോ പരിചയമോ ഇല്ല. മാത്രമല്ല വാതിൽപ്പടി വിതരണം ഉൾപ്പടെ മറ്റ് മൂന്ന് പ്രധാന വിഭാഗങ്ങളുടെ ചുമതലയുമുണ്ട്.
ഫാസ്റ്റ് മൂവിങ് സാധനങ്ങളുടെ ചുമതല വൻകിട കമ്പനികളുതേടക്കം നൽകിയതും സിവിൽ സപ്ലൈസിൽ താലൂക്ക് സപ്ലൈ ഓഫീസർ റാങ്കിലുള്ള ജൂനിയർ ഉദ്യോഗസ്ഥനാണ്. ഓഡിറ്റിങ്ങിന്റ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥയേയും മാറ്റിയിട്ടുണ്ട്. ഗുണ നിലവാരമില്ലാത്ത സാധനങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് തുക അനുവദിക്കാൻ വിസമ്മതിച്ചതാണ് ഇവരുടെ സ്ഥാന ചലനത്തിന് കാരണമെന്നാണ് സൂചന. പകരം ഓഡിറ്റിൽ നിയോഗിച്ച ഉദ്യോഗസ്ഥനും മതിയായ യോഗ്യതയില്ലാത്ത ആളാണന്ന ആക്ഷേപമുണ്ട്.
Post Your Comments