Latest NewsKeralaNews

ബാലുവിന്റെ ജീവൻ കവർന്ന വാഹനാപകടത്തിന് ഇന്ന് 2 വയസ്സ്; അപകടദിവസം തന്നെ നുണ പരിശോധനയുമായി സിബിഐ

തിരുവനന്തപുരം: ബാലഭാസ്കറിനെ ഈ ഭൂമി വിട്ട് യാത്രയാക്കിയ ആ ദുരന്തം നടന്നിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. വയലിനില്‍ മാന്ത്രിക സംഗീതം പൊഴിച്ച പ്രിയ കലാകാരൻ വാഹനാപകടത്തിൽ പെട്ടത് 2018 സെപ്റ്റംബറിലെ ഇതേ ദിവസമായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറവും ബാലുവിന്റെ മരണത്തിലെ ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ലോക്കല്‍ പൊലീസില്‍നിന്ന്‌ സിബിഐയില്‍ എത്തിനില്‍ക്കുകയാണ് അന്വേഷണം.

Read also: കോവിഡ് ബാധിതയായ യുവതിക്ക് ഒറ്റപ്രസവത്തിൽ നാല് കുട്ടികൾ; ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരം

അപകടം നടന്ന് രണ്ടു വർഷം പിന്നിടുന്ന ഇന്ന് തന്നെ മരണത്തിനു പിന്നിലെ ദുരൂഹത നീക്കാനുള്ള സി.ബി.ഐയുടെ നുണപരിശോധന നടക്കും. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവറായിരുന്ന അര്‍ജുൻ, കലാഭവൻ സോബി എന്നിവർക്കാണ് ഇന്നും നാളെയുമായി എറണാകുളത്ത് നുണപരിശോധന നടത്തുന്നത്.

2018 സെപ്‌തംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാലയുടെ വഴിപാടുമായി ബന്ധപ്പെട്ടാണ്‌ തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിലേക്ക്‌ ബാലഭാസ്‌കറും കുടുംബവും സ്വന്തം വാഹനത്തില്‍ പോയത്‌. സുഹൃത്ത്‌ അര്‍ജുനും ഒപ്പമുണ്ടായിരുന്നു. മടക്കയാത്രയില്‍ കഴക്കൂട്ടം പള്ളിപ്പുറത്താണ്‌ വാഹനം അപകടത്തില്‍പ്പെട്ടത്‌. മകള്‍ ഉടന്‍ മരിച്ചു. ഒക്ടോബര്‍ രണ്ടിന്‌ ബാലഭാസ്‌കറും. ലക്ഷ്‌മിയും അര്‍ജുനും പരിക്കോടെ രക്ഷപ്പെട്ടു.
ബാലഭാസ്കറിന്റെ സംഗീത പരിപാടികളുടെ സംഘാടകരായിരുന്നു പ്രകാശൻ തമ്പിയും വിഷ്ണുവും. വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തു കേസില്‍ പ്രകാശന്‍ തമ്പിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കള്‍ക്കു സംശയമുണ്ടാകുന്നത്. ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവർക്കു നുണ പരിശോധന നടത്തുന്നത്. അപകടസമയത്ത് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത കാണുന്നു. ബാലഭാസ്കറാണ് വാഹനമോടിച്ചതെന്നാണ് അർജുന്റെ വാദം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് അർജുനെ നുണപരിശോധനയ്ക്കു വിധേയമാക്കുന്നത്.

അപകടം നടന്ന സ്ഥലത്ത് എത്തുന്നതിനു മുൻപ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടെന്നാണ് അതുവഴി അന്നേദിവസം കടന്നുപോയ കലാഭവൻ സോബിയുടെ മൊഴി. നുണ പരിശോധന നടത്തുന്നതിലൂടെ ഇക്കാര്യത്തിലും വ്യക്തതവരുമെന്നു സിബിഐ പറയുന്നു.

സോബിയുടെ മൊഴി നുണപരിശോധനയില്‍ ശരിയാണെന്ന് തെളിഞ്ഞാല്‍, സരിത്തിനെ സി.ബി.ഐ ചോദ്യംചെയ്യും. ഡല്‍ഹിയിലെയും ചെന്നൈയിലെയും സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ദ്ധരാണ് കൊച്ചിയില്‍ നുണപരിശോധന നടത്തുന്നത്.

ഈസ്റ്റ് കോസ്റ്റിനെ സംബന്ധിച്ച് ബാലു ഞങ്ങളുടെ തന്നെ ഭാഗമായിരുന്നു. ഈസ്റ്റ് കോസ്റ്റിന്റെ സംഗീത സാന്ദ്രമായ യാത്രകളിൽ ഒപ്പം കൂടിയ പ്രിയ സുഹൃത്ത്. ഈസ്റ്റ് കോസ്റ്റിന് വേണ്ടി ബാലഭാസ്കർ ഒരുക്കിയ ഗാനങ്ങൾ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നത് ബാലുവിന്റെ വിരൽ സ്പർശം കൊണ്ട് അവയ്ക്ക് കൈവന്ന മാന്ത്രികത കൊണ്ടാകാം.

shortlink

Post Your Comments


Back to top button