മുംബൈ: മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) തന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം ഇടിച്ചുനിരത്തിയ സംഭവത്തിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി കങ്കണ റനൗട്ട് സമർപ്പിച്ച ഹർജിയിന്മേൽ ബോംബെ ഹൈക്കോടതി ഇന്ന് വാദം കേൾക്കും.
നിശ്ചിത പ്ലാനിൽ നിന്നു മാറി, ഒട്ടേറെ അനധികൃത നിർമാണം നടത്തിയെന്ന് ആരോപിച്ച് ബാന്ദ്ര വെസ്റ്റിലുള്ള കങ്കണയുടെ ബംഗ്ലാവിന്റെ ഒരു ഭാഗം സെപ്റ്റംബർ 9നാണ് ബിഎംസി പൊളിച്ചത്. സോഫകൾ, വിലകൂടിയ ലൈറ്റുകൾ, അപൂർവ കലാസൃഷ്ടികൾ ഉൾപ്പെടെ ബംഗ്ലാവിന്റെ 40 ശതമാനം ബിഎംസി തകർത്തതായി കങ്കണ കോടതിയെ അറിയിച്ചു.
കോടതിയുടെ നിർദേശപ്രകാരം കേസിൽ കക്ഷികളാക്കിയ ശിവസേന നിയമസഭാംഗവും മുഖ്യ വക്താവുമായ സഞ്ജയ് റൗട്ട്, എച്ച്-വെസ്റ്റ് വാർഡിലെ ബിഎംസി ഉദ്യോഗസ്ഥൻ എന്നിവരോട് വിഷയത്തിൽ പ്രതികരണം ഫയൽ ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരും കൂടുതൽ സമയം കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കോടതി ഇത് അനുവദിച്ചിരുന്നില്ല.
Post Your Comments