ഭുവനേശ്വര്‍ : ഇന്ത്യയുടെ തദ്ദേശീയ മിസൈല്‍ പൃഥ്വി- 2ന്റെ രാത്രിപരീക്ഷണം വന്‍ വിജയം. ബുധനാഴ്ച രാത്രി ഒഡീഷയിലെ സൈനിക താവളത്തിലായിരുന്നു പരീക്ഷണം. ചണ്ഡിപുരിനു സമീപമുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ ലോഞ്ച് കോംപ്ലക്സ്-3ല്‍ മൊബൈല്‍ ലോഞ്ചറില്‍നിന്നാണ് മിസൈല്‍ പരീക്ഷിച്ചതെന്നും സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡ് (എസ്എഫ്സി) തീരുമാനിച്ച ലക്ഷ്യങ്ങള്‍ മിസൈല്‍ കൈവരിച്ചെന്നും ഡിആര്‍ഡിഒ അധികൃതര്‍ അറിയിച്ചു.
ഇരുട്ടില്‍ വിക്ഷേപിക്കുന്ന മിസൈലുകള്‍ കണ്ടെത്താനും ഗതിനിര്ണയിക്കുന്നതിനും താരതമന്യേ പ്രയാസമാണ്. ഇതിലൂടെ കണക്കിലെടുത്തായിരുന്നു പൃഥ്വി രണ്ടിന്റെ രാത്രി പരീക്ഷണം. ഒഡീഷ തീരത്തെ റഡാറുകളും മറ്റു സംവിധാനങ്ങളും മിസൈലിനെ വിജയകരമായി ട്രാക്ക് ചെയ്തതായി ഡിആര്‍ഡിഒ അറിയിച്ചു. 350 കിലോമീറ്റര്‍ വരെ ദൂരപരിധിയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഭൂതല- ഭൂതല മിസൈലാണ് പൃഥ്വി- 2.
500 മുതല്‍ 1000 കിലോഗ്രാം വരെ ആയുധം വഹിക്കാന്‍ കഴിവുള്ള പൃഥ്വി- 2ന് ദ്രവ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇരട്ട എഞ്ചിനുകളാണ് ഉള്ളത്. കഴിഞ്ഞവര്‍ഷം നവംബര്‍ 20നായിരുന്നു പൃഥ്വി രണ്ടിന്റെ അവസാന രാത്രി പരീക്ഷണം. 2003 മുതല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാണ് പൃഥ്വി മിസൈല്‍. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്മെന്റ് പദ്ധതി പ്രകാരം ഡിആര്‍ഡിഒ വികസിപ്പിച്ച ആദ്യ മിസൈലാണ് പൃഥ്വി.
Post Your Comments