ന്യൂഡൽഹി: ഡല്‍ഹിയില്‍ കഴിഞ്ഞ മാസം പിടിയിലായ ചൈനീസ് പൌരന്‍ ലക്ഷ്യമിട്ടത് ദലൈലാമയെയെന്ന് അന്വേഷണ എജന്‍സികള്‍ക്ക് വിവരം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ചാര്‍ളി പെങ് ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാര്‍ക്ക് വന്‍തോതില്‍ പണം കൈമാറിയതായി കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും കര്‍ണാടകയിലുമായി മുപ്പതോളം സന്ന്യാസിമാരെ പൊലീസ് ചോദ്യം ചെയ്തു.
ചൈനീസ് പൗരന്‍ ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാര്‍ക്ക് വന്‍തോതില്‍ പണം കൈമാറിയതായി സ്ഥിരീകരിച്ച എജന്‍സികള്‍ ഇയാളുടെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. ദലൈലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇയാളുടെ ദൗത്യം എന്നാണ് ഇതുവരെ നടത്തിയ അന്വേഷണത്തിലെ വിവരം. ദുരൂഹമായ ഇയാളുടെ ബന്ധങ്ങളെ കുറിച്ചുള്ള വിശദമായ അന്വേഷണമാണ് ടിബറ്റുകാരായ ബുദ്ധ സന്ന്യാസിമാര്‍ക്ക് പണം കൈമാറിയതായ കണ്ടെത്തലുകളിലേയ്ക്ക് നയിച്ചത്.
നിലവിലെ ദലൈലാമയുടെ പിന്‍ഗാമിയായി ഒരു ചൈനക്കാരനെ പിന്തുണക്കാനും ബുദ്ധ സന്ന്യാസിമാരോട് ആവശ്യപ്പെട്ടു. ഒട്ടേറെ ഷെല്‍ കമ്പനികളിലൂടെയാണ് ലുവോ സാങ് ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. ഇയാള്‍ എസ് കെ ട്രേഡിംഗ് എന്ന അക്കൗണ്ടിലൂടെയാണ് ബുദ്ധ സന്ന്യാസിമാര്‍ക്ക് പണം നല്‍കിയിരിക്കുന്നത് എന്നും തെളിഞ്ഞു.
30 ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ പല സന്ന്യാസിമാരുടെയും അക്കൗണ്ടുകളില്‍ എത്തി. പണം കൈമാറിയെന്ന വിവരങ്ങള്‍ കണ്ടെത്തിയതോടെ ഡല്‍ഹിയിലും കര്‍ണാടകയിലുമായി മുപ്പതോളം സന്ന്യാസിമാരെ പൊലീസ് ചോദ്യം ചെയ്തു. അതേസമയം പണം കൈപറ്റിയത് സമ്മതിച്ചെങ്കിലും കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയച്ചു നല്‍കിയതാണെന്നാണ് ഇപ്പോഴും സന്യാസിമാര്‍ വാദിക്കുന്നത്.
Post Your Comments