സംഭവബഹുലമായ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലേക്കെത്തുന്നുവെന്ന് സംവിധയകൻ വിനയൻ. നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നതായും സംവിധായകൻ വ്യക്തമാക്കി.
കുറിപ്പ് വായിക്കാം…..
വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ.
ആ പഴയ കാലഘട്ടം പുനർ നിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ എൻെറ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്.
ബഹുമാന്യരായ ശ്രീ മമ്മൂട്ടിയും മോഹൻ ലാലും ഈ ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്യുന്നു എന്നു പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നി.
ഈ നൂറ്റാണ്ടിലെ ഏറ്റവും ജനകീയവും മഹത്തരവുമായ കലയാണു സിനിമ. നല്ല ശബ്ദ സംവിധാനത്തോടെ തീയറ്ററുകളിൽ കണ്ടാൽ മാത്രമേ അതിൻെറ പൂർണ്ണത ലഭിക്കു. മഹാമാരിയുടെ ദുരന്തം മൂലം ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടിരിക്കുന്ന ആ സാഹ ചര്യം അടുത്ത വർഷം ആദ്യ പാദത്തിലെങ്കിലും തിരിച്ചു കിട്ടുമെന്നാണു വിദഗ്ദ്ധർ പറയുന്നത്.
പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനശ്ശക്തി ഉണ്ടങ്കിലേ വിജയം നമുക്കു പ്രതീക്ഷിക്കാനാകൂ.. ആ പരിശ്രമത്തിലാണ് ഞാൻ..
നിങ്ങളേവരുടെയും അനുഗ്രഹാശിസുകൾ ഉണ്ടാകണം….
വിനയൻ
Post Your Comments