ലക്‌നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 17 ഉം 15 ഉം വയസുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളാണ് ലോണി പ്രവാര ഗ്രാമത്തിൽ കണ്ടെത്തിയത്.
മരിച്ച പെൺകുട്ടികൾ സുഹൃത്തുക്കളായിരുന്നു. ഇരുവരും വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു.
കാർഷിക മേഖലയിൽ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് രണ്ട് പെൺകുട്ടികളും ഞായറാഴ്ച രാവിലെ വീട് വിട്ടിരുന്നു. എന്നാൽ മടങ്ങി എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാംഗഡ് പോലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ലോണി പ്രവാര ഗ്രാമത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നെന്ന് എ.എസ്.പി (ഗ്രാമീണ) അശോക് കുമാർ പറഞ്ഞു.
പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും അന്വേഷണം നടന്നുവരികയാണെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.
Post Your Comments