കൊച്ചി: കേരളത്തിലും ബംഗാളിലും അറസ്റ്റിലായ പാക്കിസ്ഥാൻ നിയന്ത്രിത അൽഖായിദ സംഘത്തിന് കേരളത്തിൽനിന്നു സഹായം കിട്ടിയിട്ടുണ്ടെന്ന് എൻ.ഐ.എ. റിപ്പോർട്ട്. കേരളത്തിൽ അറസ്റ്റിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവരുടെ പ്രാഥമിക മൊഴികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 4 സംഘടനകളുടെയും 2 സ്ഥാപനങ്ങളുടെയും 5 വർഷത്തെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ സംഘം പരിശോധിക്കുന്നു.
അൽ ഖായിദ ആശയങ്ങളിൽ ആകൃഷ്ടരായ പത്തിലേറെപ്പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഗൂഢാലോചനയിൽ ഉൾപ്പെട്ട ഏതാനും പേരെക്കൂടി തിരിച്ചറിയാനുണ്ടെന്നും എൻ.ഐ.എ. കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി ഏലൂരിലെ പാതാളത്തുനിന്നു പിടിയിലായ മുർഷിദ് ഹസനാണ് സംഘത്തലവനെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പദ്ധതി ആസൂത്രണങ്ങളുടെ ഭാഗമായി ദക്ഷിണേന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും പലതവണ മുർഷിദ് സന്ദർശനം നടത്തിയിട്ടുണ്ട്. ഇയാളുടെ ലാപ്ടോപ്പും സ്മാർട് ഫോണും വിദൂരത്തുള്ള മറ്റാരോ സിസ്റ്റം ഷെയറിങ് ആപ്ലിക്കേഷൻ വഴി നിയന്ത്രണത്തിലാക്കി ഉപയോഗിച്ചിട്ടുണ്ട്.
പിടിയിലാവർക്ക് ബംഗാളിലെ തിരിച്ചറിയൽ കാർഡ് ആണെങ്കിലും ബംഗ്ലദേശികൾ ആണെന്ന വിവരവും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. അൽ ഖായിദ ആശയങ്ങൾ രാജ്യത്ത് നടപ്പാക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യാനും സംഘം ശ്രമിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Post Your Comments