തിരുവനന്തപുരത്തെ ജനങ്ങൾ ഏറെ വർഷങ്ങളായി ഈ തലസ്ഥാന നഗരത്തിന്റെ വികസന മുരടിപ്പിനെതിരെ രോഷാകുലരാണ്. വളരെയധികം സാധ്യതകളുള്ള നമ്മുടെ മനോഹരമായ തലസ്ഥാന നഗരത്തോട് നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കാണിക്കുന്നത് ചിറ്റമ്മ നയമാണ്, അവർ മധ്യ, വടക്കൻ കേരളങ്ങളോടുള്ള കടുത്ത പക്ഷപാതിത്വത്തിൽ, നമ്മുടെ തലസ്ഥാന നഗരിയെ ആസൂത്രിതമായി നശിപ്പിക്കുകയാണ്.
Read also: കോവിഡ് വാക്സിൻ കുട്ടികളിൽ പരീക്ഷിക്കാനൊരുങ്ങി ചൈന
അവികസിത മലബാർ പ്രദേശം വികസിപ്പിക്കുന്നതിലും മധ്യമേഖലയെ സംരക്ഷിക്കുന്നതിലുമുള്ള അവരുടെ താൽപ്പര്യം എന്നത് ഏവർക്കും മനസിലാക്കാൻ കഴിയും, അതിന് വിരോധമില്ല. പക്ഷേ അത് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തെ അവഗണിക്കുന്ന തരത്തിൽ ആയിരിക്കരുത്.
ഒരു തരത്തിൽ പറഞ്ഞാൽ പിഴവ് നമ്മുടേതാണ്! മാറിവരുന്ന സർക്കാരുകൾ, ഈ നഗരത്തോട് കാട്ടുന്ന അവഗണനകൾ തുടർന്നിട്ടും നമ്മൾ ഒരു തരത്തിലുമുള്ള പ്രതിഷേധം രേഖപ്പെടുത്താത്തതിന്റെ ഫലമാണിത്. ദു:ഖകരമായ സത്യം എന്തെന്നാൽ, തിരുവനന്തപുരത്തെ വിവിധ സംഘടനകൾ പോലും ഇതിനെതിരെ ശബ്ദമുയർത്തുന്നില്ല എന്നതാണ്. പക്ഷപാതത്തേക്കാൾ ഈ നഗരത്തെ നശിപ്പിക്കാനുള്ള ചിലരുടെ അജണ്ടയാണ് ഇതിന് പിന്നിൽ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കുക വഴി നമ്മുടെ നഗരത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും.തലസ്ഥാന മേഖലയുടെ സ്വാഭാവിക വികസനത്തിന് ഇത് വഴിയൊരുക്കും.
കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന, തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെക്കുറിച്ച് കോൺഗ്രസും, മറ്റ് പ്രതിപക്ഷ പാർട്ടികളും പ്രചരിപ്പിച്ച മിഥ്യാധാരണകളെ തകർക്കുന്നതായിരുന്നു.
വിമാനത്താവള സ്വകാര്യവത്കരണത്തേക്കുറിച്ച് പറയുന്നവർ അതിന്റെ ചരിത്ര പശ്ചാത്തലം വിലയിരുത്തണമെന്ന പറഞ്ഞ വ്യോമയാന മന്ത്രി, വിമാനത്താവള സ്വകാര്യവത്കരണം 2006-ൽ യു.പി.എ. സർക്കാരാണ് തുടങ്ങിയതാണെന്നും അന്ന് സ്വകാര്യവത്കരിച്ച ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലാണ് രാജ്യത്തെ 33 ശതമാനം സർവീസും നടക്കുന്നതെന്നും ഇപ്പോൾ സ്വകാര്യവത്കരിക്കുന്ന ആറു വിമാനത്താവളങ്ങളുടെ ആകെ സംഭാവന ഒമ്പത് ശതമാനം മാത്രമാണെന്നും വ്യക്തമാക്കി.
വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട് നീതി ആയോഗും സെക്രട്ടറിതല സമിതിയും കേരള സർക്കാരും തമ്മിൽ ചർച്ച നടത്തിയിരുന്നെന്ന് മന്ത്രി പറഞ്ഞു. വേണ്ടെന്നുവെക്കാനുള്ള ആദ്യത്തെ അവകാശം (റൈറ്റ് ഓഫ് ഫസ്റ്റ് റെഫ്യൂസൽ) തങ്ങൾക്കുവേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതുപ്രകാരം ഏറ്റവും കൂടിയ തുക ക്വോട്ട് ചെയ്തവരുമായി 10 ശതമാനത്തിൽ താഴെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ ലേലം കേരളത്തിന് അനുകൂലമാകുമായിരുന്നു. എന്നാൽ 19.3 ശതമാനം കുറഞ്ഞ തുകയായിരുന്നു കേരളത്തിന്റേത്. കേരള സർക്കാരിന്റെ ഇരട്ടത്താപ്പാണ് ഇവിടെ വ്യക്തമാകുന്നത്.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി എന്റര്‍പ്രൈസിന് കൈമാറാനുള്ള നടപടിക്കെതിരെ ശശി തരൂരിന് തുറന്ന കത്തെഴുതിയ ധനമന്ത്രി തോമസ് ഐസകിന്റെ നടപടി അങ്ങേയറ്റം നിന്ദ്യമാണ്.
രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്രീ കെ സി വേണുഗോപാൽ ജയ്പൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എതിർപ്പ് ഉന്നയിക്കുന്നതിനുപകരം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെക്കുറിച്ച് പാർലമെന്റിൽ പ്രതിഷേധിക്കുന്നത് കാണുമ്പോൾ ഞെട്ടലാണ് ഉളവാകുന്നത്. ഇത്രയും നാൾ ശ്രീ വേണുഗോപാൽ എവിടെയായിരുന്നു?
2012 മുതൽ 2014 വരെ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്നപ്പോൾ തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുവെങ്കിലും സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളത്തെ അവഗണിക്കാൻ തന്നെ വേണുഗോപാൽ തീരുമാനിച്ചു. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളെ അദ്ദേഹം സന്തോഷപൂർവ്വം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. തിരുവനന്തപുരം വിമാനത്താവളത്തെക്കുറിച്ച് സംസാരിക്കാൻ ശ്രീ കെ സി വേണുഗോപാലിന് എന്ത് ധാർമ്മിക അവകാശമുണ്ട്.
നമ്മുടെ തലസ്ഥാന നഗരത്തിന്റെ വികസന സ്വപ്നങ്ങളെ നശിപ്പിക്കുന്ന കപടവിശ്വാസികളെ ഇനിയെങ്കിലും നാം തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും വേണം. ഈ തലസ്ഥാന നഗരത്തിന്റെ വികസനത്തിനായി ഒരു രാഷ്ട്രീയ പാർട്ടിയും ഇതുവരെ ഒരു മാസ്റ്റർ പ്ലാനും അവതരിപ്പിച്ചിട്ടില്ല.
ഈ മണ്ണിന്റെ വികസനത്തിലൂന്നിയുള്ള രാഷ്ട്രീയത്തിനായി, മതവും ജാതിയും രാഷ്ട്രീയവും മറന്ന് നാം ഇനിയെങ്കിലും ഒന്നിക്കേണ്ടതുണ്ട്. ഇനി വരുന്ന തിരഞ്ഞെടുപ്പുകളിൽ ഇത് പ്രതിഫലിക്കും.
‘ഒരിക്കലും പ്രവര്‍ത്തിക്കാതിരിക്കുന്നതിലും ഭേദം താമസിച്ചെങ്കിലും പ്രവര്‍ത്തിക്കുന്നതാണ്’ എന്ന പഴമൊഴി ഇവിടെ ശ്രദ്ദേയമാണ്. തിരുവനന്തപുരത്തിന്റെ വികസനം എന്ന വിഷയം ഏറ്റെടുക്കുന്നതിനും അതിലേക്കായി ശബ്ദമുയർത്തുന്നതിനും വേണ്ടി, തിരുവനന്തപുരത്തെ സ്നേഹിക്കുന്ന എല്ലാ സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്നു കഴിഞ്ഞു. ഈ നീക്കത്തിലൂടെ നമ്മുടെ ആവലാതികൾ പരിഹരിക്കപ്പെടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Post Your Comments