ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഹൈവേയ്ക്ക് സമീപത്ത് നിന്ന് 52 കിലോഗ്രാം ഭാരമുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തു. ഗഡികലില്‍ നിന്നാണ് സൈന്യം സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ട് മണിക്ക് നടത്തിയ കൂട്ടായ തിരച്ചില്‍ ദൗത്യത്തിനിടെയാണ് 52 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
125ഗ്രാം വീതമുള്ള 416 പാക്കറ്റുകളിലാണ് സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യന്‍ സൈനികര്‍ കണ്ടെടുത്തത്. സ്‌ഫോടകവസ്തുക്കള്‍ യഥാസമയം കണ്ടെത്തി നശിപ്പിച്ചതിനാല്‍ പുല്‍വാമ ആക്രമണത്തിന് സമാനമായ വന്‍ ദുരന്തമാണ് ഒഴിവായതെന്ന് സൈന്യം അറിയിച്ചു. ഗഡികല്‍ എന്ന പ്രദേശത്തെ കാരേവായിലാണ് ഒരു ‘സിന്റക്സ്’ വാട്ടര്‍ ടാങ്കില്‍ നിറച്ച രീതിയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ മറ്റൊരു ടാങ്കില്‍ നിന്നുമായി 50 ഡിറ്റണേറ്ററുകളും സൈന്യം കണ്ടെടുത്തു. ഒരു തോട്ടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ട സിന്തറ്റിക് ടാങ്ക് സംശയത്തെ തുടര്‍ന്ന് തുറന്നുപരിശോധിച്ചപ്പോഴാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. പ്രധാന ഹൈവേയ്ക്ക് വളരെ അടുത്തും പുല്‍വാമ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 9 കി.മീ മാത്രം അകലെയുമാണ് സ്‌ഫോടവസ്തുക്കള്‍ കണ്ടെത്തിയ സ്ഥലം.
2019 ഫെബ്രുവരി 14നാണ് 40 സൈനികരുടെ മരണത്തിനിടയാക്കിയ പുല്‍വാമ ആക്രമണം നടന്നത്. സൈന്യത്തിന്റെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം വന്നിടിച്ച് പൊട്ടിത്തെറിച്ചാണ് അപകടം നടന്നത്. 35 കി.ഗ്രാം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്.
Post Your Comments