മസ്കത്ത്: ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാനുള്ള ബഹ്റിൻ ഭരണകൂടത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ. തങ്ങളുടെ പരമാധികാരത്തിന്റെ ഭാഗമായി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് ത്രികക്ഷി കരാറില്‍ ഏര്‍പ്പെടാനുള്ള ബഹ്റൈൻ തീരുമാനം സ്വാഗതാർഹമാണെന്ന് ഒമാൻ ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ചില അറബ് രാജ്യങ്ങൾ സ്വീകരിച്ച തന്ത്രപ്രധാന നടപടികൾ ഫലസ്തീൻ ഭൂപ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സ്ഥാപിക്കാൻ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ തീരുമാനങ്ങൾ കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര്യ ഫലസ്തീൻ രാജ്യം സ്ഥാപിതമാകാൻ സഹായകരമാകുമെന്നും പ്രതീക്ഷിക്കുന്നതായി ഒമാൻ പ്രസ്താവനയിൽ പറയുന്നു. പശ്ചിമേഷ്യയിലും ലോകത്താകമാനവും ശാശ്വത സമാധാനം കാംഷിക്കുന്നവരുടെയും അറബ് രാഷ്ട്രങ്ങളുടെയും പൊതു ആവശ്യമായ ദ്വിരാഷ്ട്ര പരിഹാരമെന്ന നിർദേശത്തെ ഇത് ശക്തിപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
വെള്ളിയാഴ്ച ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈ സാ ആൽ ഖലീഫ, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർ നടത്തിയ ഫോൺ സംഭാഷണത്തെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചത്. ആഗസ്റ്റ് 13ന് യു.എ.ഇയും ഇസ്രായേലും തമ്മിൽ നയതന്ത്ര ബന്ധം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് ബഹ്റൈനും സന്നദ്ധമായത്. സെപ്റ്റംബർ 15ന് വൈറ്റ്ഹൗസിൽ നടക്കുന്ന ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും കരാറിൽ ഒപ്പുവെക്കും.
Post Your Comments